Connect with us

Kerala

കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

Published

|

Last Updated

കോഴിക്കോട്: സി പി എം ഏരിയാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍ വി ബാലകൃഷ്ണനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഭാര്യയും കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സനുമായ കെ ശാന്ത സ്ഥാനം രാജിവെച്ചു.
ബാലകൃഷ്ണനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി ന്യായമല്ലെന്ന് വ്യക്തമാക്കിയ ശാന്ത കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗത്വവും ഒഴിഞ്ഞു. രാജിക്കത്ത് ശാന്ത സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് കൈമാറി. ശാന്തക്ക് പുറമെ നഗരസഭയിലെ വി എസ് അനുകൂലികളായ ഏതാനും കൗണ്‍സിലര്‍മാരും രാജിക്കൊരുങ്ങുന്നതായാണ് സൂചന. എന്നാല്‍ ഒരു വിമത ശബ്ദവും കൊയിലാണ്ടിയില്‍ ഇല്ലെന്നാണ് സി പി എം വിശദീകരണം.
കഴിഞ്ഞ ദിവസമാണ് എന്‍ വി ബാലകൃഷ്ണനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി പി എം ജില്ലാ കമ്മിറ്റി അറിയിച്ചത്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും സംഘടനാ തത്വങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചതിനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ വിദേശ പത്രത്തില്‍ ലേഖനങ്ങള്‍ എഴുതിയതിനുമാണ് സസ്‌പെന്‍ഷന്‍ എന്നായിരുന്നു വിശദീകരണം.
എന്നാല്‍ കൊയിലാണ്ടിയില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വി എസ് പക്ഷക്കാരെ ഒതുക്കുക എന്ന ലക്ഷ്യവും അച്ചടക്ക നടപടിക്ക് പിന്നിലുണ്ടായിരുന്നു. നേരത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ബാലകൃഷ്ണന് ശാസന ലഭിച്ചിരുന്നു. സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിര്‍മിച്ച നായനാര്‍ സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ക്കായിരുന്നു ശാസന. കീഴ്ഘടകങ്ങളിലെ പാര്‍ട്ടി മെമ്പര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ശാസന. തൊട്ടുപിന്നാലെ സസ്‌പെന്‍ഷന്‍ ലഭിക്കുകയും ഭാര്യ ശാന്ത നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കുകയും ചെയ്തത് കൊയിലാണ്ടിയില്‍ സി പി എമ്മിന് പുതിയ തലവേദന സൃഷ്ടിക്കും.
സോളാര്‍ കേസില്‍ എല്‍ ഡി എഫ് തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പാതിവഴിയില്‍ പിന്‍വലിച്ചതിനെതിരെ “കാറ്റുപോയ തുമ്പപ്പൂ വിപ്ലവം” എന്ന പേരില്‍ ബഹറൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോര്‍ പി എം എന്ന സായാഹ്ന പത്രത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 27നാണ് ബാലകൃഷ്ണന്‍ ലേഖനം എഴുതിയത്.

Latest