Connect with us

Editorial

അഴിമതിയുടെ ഗന്ധം

Published

|

Last Updated

കാര്‍ഗില്‍ രക്തസാക്ഷികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കാന്‍ ആവിഷ്‌കരിച്ച ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുടെ മറവില്‍ കൊടിയ അഴിമതിക്ക് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ നേതാക്കളെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി. എന്നാല്‍, അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഐ എ എസുകാരായ 12 ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതാം. മുംബൈയിലെ കൊളാബയില്‍ കെട്ടിപ്പൊക്കിയ പാര്‍പ്പിട സമുച്ചയത്തിന് അടിമുടി ക്രമക്കേടിന്റെയും അഴിമതിയുടെയും ഗന്ധമാണ്. ഇത് അസഹ്യമായപ്പോഴാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ റിട്ട. ജഡ്ജി ജസ്റ്റിസ് ജെ എ പാട്ടീലിന്റെ നേതൃത്വത്തില്‍ രണ്ടംഗ ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചത്. “പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലെന്ന” നാടന്‍ ചൊല്ലിനെ അന്വര്‍ഥമാക്കുന്നതായിരുന്നു അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ സുശീല്‍കുമാര്‍ ഷിന്‍ഡെയും വിലാസ് റാവു ദേശ്മുഖ്, അശോക് ചവാന്‍, ശിവജിറാവു നിലങ്കേക്കര്‍ പാട്ടീല്‍ എന്നിവരും അഴിമതിയില്‍ പങ്കാളികളാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഈ നാല് കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിമാരാണെന്നകാര്യം വിസ്മരിച്ചുകൂടാ. മഹാരാഷ്ട്ര ഭരിക്കുന്ന യു പി എയില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ എന്‍ സി പിയുടെ മന്ത്രിമാരായ സുനില്‍ താത്കരെ, രാജേഷ് തോപെ എന്നിവര്‍ക്കെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നുണ്ട്. ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് മുന്നിലുള്ള മാര്‍ഗം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുക എന്നതായിരുന്നു. പിന്നെ ഇതേച്ചൊല്ലി തൊന്തരവുണ്ടാകില്ലെന്നായിരുന്നു സര്‍ക്കാറിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തന്നെ തീരുമാനം പ്രഖ്യാപിച്ചു. പക്ഷേ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ഈ പ്രഖ്യാപനം രുചിച്ചില്ല. സംസ്ഥാന സര്‍ക്കാറിനെതിരെ രാഹുല്‍ പൊട്ടിത്തെറിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
തള്ളിയ റിപ്പോര്‍ട്ട് തപ്പിയെടുത്ത് പുനഃപരിശോധിച്ചു. റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരായിരുന്ന ആറ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ തള്ളാന്‍ തീരുമാനിച്ചപ്പോള്‍, 12 ഐ എ എസ് ഓഫീസര്‍മാരടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദത്തിനെതിരെ നടപടികള്‍ തുടരാനും തീരുമാനിച്ചു. അങ്ങനെ രാഹുല്‍ ഗാന്ധിയുടെ ഉത്തരവ് നടപ്പാക്കി. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ ഈ തീരുമാനത്തെ രാഹുല്‍ ഗാന്ധി എങ്ങനെ കാണുന്നുവെന്നത് വേറെ കാര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമാകുകയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയം അഴിമതിക്കെതിരെ അവര്‍ സ്വീകരിച്ച നിലപാടിനുള്ള ജനകീയ അംഗീകാരമാണെന്നും ഇനിയും തിരിച്ചറിയാത്തവര്‍ കാലിനടിയില്‍ നിന്നും മണ്ണൊലിച്ചുപോകുന്നത് കണ്ണ് തുറന്നു കാണാന്‍ വിസമ്മതിക്കുന്നവരാണ്. അവര്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ കടപുഴക്കി ഭരണസാരഥ്യം നവജാതയായ ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കൈകളിലേല്‍പ്പിച്ച ജനം അദ്ദേഹത്തില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സൗജന്യമായി നിശ്ചിതമായ അളവില്‍ വെള്ളം, പകുതി നിരക്കില്‍ വൈദ്യുതി എന്നീ ജനപ്രിയ വാഗ്ദാനങ്ങള്‍ കെജരിവാള്‍ നടപ്പാക്കിത്തുടങ്ങി. ഇത് കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാണ്. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍, പഴിയെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ചതുകൊണ്ട് ആദര്‍ശ് അഴിമതി കേസില്‍ നിന്നും തടിയൂരാന്‍ മഹാരാഷ്ട്രാ സര്‍ക്കാറിന് ആകുമോ?.
ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ദുര്‍ബലപ്പെടുത്താന്‍ ഓര്‍ഡിനന്‍സിന് മുതിര്‍ന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഇവിടെയും രാഹുലിന്റെ ഇടപെടല്‍ ഫലപ്രദമായപ്പോള്‍ ഓര്‍ഡിനന്‍സ് വേണ്ടെന്നു വെച്ചു. ഇപ്പോള്‍ രാഹുലാണ് താരം. ഇനിയൊരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാകാനില്ലെന്ന് ആണയിടുന്ന മന്‍മോഹന്‍ സിംഗ്, ആ പദവിയിലേക്ക് സര്‍വഥാ യോഗ്യന്‍ രാഹുലാണെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബി ജെ പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തെത്തിയാല്‍ അത് ദേശീയദുരന്തമാകുമെന്ന് പ്രവചിച്ച മന്‍മോഹന്‍ സിംഗ് , പ്രധാനമന്ത്രിയെന്ന നിലയില്‍ താനുണ്ടാക്കിയ നേട്ടം അമേരിക്കയുമായി ആണവ സഹകരണ കരാര്‍ ഒപ്പിട്ടതാണെന്നും അവകാശപ്പെടുന്നു. ഒന്നാം യു പി എ സര്‍ക്കാറിനെതിരെ അഴിമതിയുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായപ്പോഴും ജനങ്ങള്‍ അതെല്ലാം അവഗണിച്ച് തങ്ങള്‍ക്ക് രണ്ടാമതൊരു അവസരംകൂടി തന്നുവെന്നത് ആരും മറക്കരുതെന്നും മന്‍മോഹന്‍ സിംഗ് ഓര്‍മിപ്പിക്കുന്നു. ലക്ഷം കോടികളുടെ അഴിമതികള്‍ വെളിച്ചത്തായത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണെന്ന കാര്യം മന്‍മോഹന്‍ മറച്ചുപിടിക്കുന്നുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്നും കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചില്ലെന്ന് വരുമോ?. ജനങ്ങളാണെങ്കില്‍ കടലിനും ചെകുത്താനുമിടയിലാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കളെന്നതിനാല്‍ കടലില്‍ മുങ്ങിച്ചാകണോ ചെകുത്താന് ഭക്ഷണമാകണോ എന്ന് ജനങ്ങള്‍തന്നെ തീരുമാനിക്കുമെന്ന് തീര്‍ച്ചയാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നമുക്ക് നല്‍കുന്ന സന്ദേശവും അതാണ്.

---- facebook comment plugin here -----

Latest