Connect with us

Articles

എന്തുകൊണ്ടാണ് അവര്‍ അല്‍ അസ്ഹറിന് തീവെക്കുന്നത്?

Published

|

Last Updated

എല്ലാ ജീവിത വ്യവഹാരങ്ങളിലും മതത്തെ അടിസ്ഥാനപരമായ നിഷ്‌കര്‍ഷയായി മുന്‍നിര്‍ത്തുന്നതിനെയാണ് മതമൗലികവാദമെന്ന് വിളിക്കേണ്ടത്. കൃത്യമായ അതിര്‍വരമ്പുകള്‍ക്കകത്ത് നില്‍ക്കുകയെന്ന മഹത്തായ ധ്യാനമാണത്. അപ്പോള്‍ നിങ്ങള്‍ പല പ്രത്യയശാസ്ത്രങ്ങള്‍ക്കിടയില്‍ പെട്ട് ആശയക്കുഴപ്പക്കാരനാകുന്നില്ല. ഇടുങ്ങിയ ഇടത്തിലേക്ക് ചുരുങ്ങുകയല്ല, മറിച്ച് ശരിയായ എന്തിനെയും ഉള്‍ക്കൊള്ളാനുള്ള വിശാലത കൈവരിച്ചവനായിരിക്കും യഥാര്‍ഥ മതമൗലിക വാദി. അപ്പോള്‍ ഏത് പ്രതിസന്ധിയെയും വ്യാഖ്യനിക്കാനും മുറിച്ച് കടക്കാനുമുള്ള ഉപകരണങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടാകും. പക്ഷേ, വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമായി മതമൗലികവാദം അധഃപതിച്ചിരിക്കുന്നു. അതിന്റെ പ്രധാന കാരണം മതത്തെ അതിന്റെ മൗലികതയില്‍ സ്വീകരിക്കാത്ത ചിലര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചു എന്നതാണ്. അവര്‍ മുന്നോട്ടു വെച്ച തെറ്റായ പ്രതിനിധാനങ്ങളാണ് ഈ അട്ടിമറികള്‍ക്കും സംശയങ്ങള്‍ക്കും വഴിവെച്ചത്.
ലോകത്താകെ “ഇസ്‌ലാമിസ്റ്റുകള്‍” എന്ന് സ്വയം വിശേഷിപ്പിക്കുകയും പലയിടങ്ങളില്‍ പല പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം സംഘടനകള്‍ അവരുടെ ആശയ തലം മതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെടുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പ്രയോഗമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി പാശ്ചാത്യ മൂല്യ ബോധത്തിന് ബദല്‍ ഒരുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ അഭിമാനിക്കുന്നു. ആധുനിക കാലത്ത് ഇസ്‌ലാമിന്റെ സമഗ്രത തങ്ങള്‍ മാത്രമേ ഉയര്‍ത്തിപ്പിടിക്കുന്നുള്ളൂവെന്നാണ് അവരുടെ വാദം. രാഷ്ട്രീയ ഇസ്‌ലാം എന്ന പ്രയോഗത്തിന്റെ നേരവകാശവും അവര്‍ എടുത്തണിയുന്നു. അതുകൊണ്ട് തന്നെ പാശ്ചാത്യ മാധ്യമങ്ങളും വിദഗ്ധരും അത്യന്തം അക്രമോത്സുകമായാണ് ഈ സംഘടനകളെ സമീപിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണത്തെയാണ് തങ്ങള്‍ ആക്രമിക്കുന്നതെന്ന ഭ്രമത്തിലാണ് ഈ വിമര്‍ശകര്‍. യഥാര്‍ഥത്തില്‍ അര്‍ഹതപ്പെട്ടതിനേക്കാള്‍ പരാമര്‍ശ, വിമര്‍ശ പരിലാളനകള്‍ അവക്ക് നല്‍കുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍), അന്നഹ്ദ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി അല്‍ഖാഇദ, അല്‍ശബാബ് മുതലായ ഭീകര സംഘടനകളെ വരെ ഈ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയിലെ എ കെ പി പാര്‍ട്ടി നേതാവ് ത്വയ്യിബ് ഉര്‍ദുഗാനും സുഡാനിലെ ഭരണാധികാരി ഉമര്‍ അല്‍ ബാശിറും ഇസ്‌ലാമിസ്റ്റുകളാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ത്യയിലും ജമാഅത്തെ ഇസ്‌ലാമികള്‍ പ്രവര്‍ത്തിക്കുന്നു. ബ്രദര്‍ഹുഡ് ഉള്ള രാജ്യങ്ങളില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി മാതൃകയില്‍ സംഘടനകള്‍ ഉണ്ട്. ഇങ്ങ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി വരെ എത്തുന്ന ആഗോള സാഹോദര്യം ഈ സംഘടനകള്‍ തമ്മില്‍ നിലനില്‍ക്കുന്നു.
ഇസ്‌ലാമിനെ മൗലികമായി സ്വീകരിക്കുന്നവര്‍ക്ക് രാഷ്ട്രീയ അധികാരം കൈവരുമ്പോള്‍ എങ്ങനെയാകും പെരുമാറുകയെന്നതിന് മാതൃകയായി ആഗോള പൊതുബോധം ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെ ഈ സംഘടനകളാകട്ടെ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഒരു തരം രക്തസാക്ഷി പരിവേഷം സ്വയം അണിയുന്നു അവ. “നീതിക്കായി ചോര ഒലിപ്പിച്ച് നില്‍ക്കുന്ന ഞങ്ങളെ കാണൂ”എന്ന് അവര്‍ വിലപിക്കുന്നു. കേരളത്തിലെ നഗരങ്ങളിലടക്കം നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനങ്ങളില്‍ ചില മുഖ്യധാരാ ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും ഈ വിലാപങ്ങളില്‍ പങ്ക് ചേരുന്നു. ഈ സംഘടനകള്‍ക്കെതിരെ നടക്കുന്ന നിയമപരവും ഭരണപരവുമായ നടപടികളെ ഹിറ്റ്‌ലര്‍ ജൂതര്‍ക്കെതിരെ നടത്തിയ കൊടും ക്രൂരതകളോട് സാമ്യപ്പെടുത്താന്‍ വരെ ചിലര്‍ മുതിരുന്നു.
ഈ ഐക്യദാര്‍ഢ്യ ആഘോഷങ്ങള്‍ക്കിടയില്‍ നിരവധി വസ്തുതകള്‍ ഒലിച്ചു പോകുന്നുണ്ട്. ഒന്നാമത്തേത് ഇസ്‌ലാമിലെ മഹാഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളാനാകാത്തവരാണ് രാഷ്ട്രീയ മുസ്‌ലിംകളെന്നതാണ്. കോപ്പിവര വരച്ച് അതിനിടയിലൂടെ നടത്തിക്കുന്നതാണ് അവരുടെ മതം. ഇസ്‌ലാമിന്റെ വിവിധ ധാരകളെ അവര്‍ ഉള്‍ക്കൊള്ളുന്നില്ല. അപാരമായ ദൈവഭയത്തിലും പ്രവാചകസ്‌നേഹത്തിലും സാത്വിക ബഹുമാനത്തിലും അധിഷ്ഠിതമായ ആവിഷ്‌കാരങ്ങളെ പങ്ക് ചേര്‍ക്കലെന്ന് മുദ്രയടിച്ച് അവഹേളിക്കുന്നതില്‍ ക്രൂരമായ ആനന്ദം അനുഭവിക്കുന്നു അവര്‍. മുസ്‌ലിം സാമാന്യത്തെ അപഹസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് ആനന്ദത്തിന് ഇടം നല്‍കിയും അവരെക്കൂടി കൂട്ടുപിടിച്ച് ഒരു പൊതു മണ്ഡലം സൃഷ്ടിച്ചെടുത്തും ഇത്തരം ആക്രമണങ്ങള്‍ ഏറെ മൂര്‍ച്ചയുള്ളതാക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നു. ഇസ്‌ലാമിനെ അടിസ്ഥാനപരമായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് മനസ്സിലാകുന്ന ലളിതയുക്തികളിലേക്ക് മതസംഹിതകളെ ചുരുക്കിക്കെട്ടി മുഖ്യധാരയില്‍ ഇടം നേടുന്നതിലും ഇസ്‌ലാമിസ്റ്റുകള്‍ മിടുക്കന്‍മാരാണ്. സ്വയം ഗോപ്യമായി നില്‍ക്കാന്‍ ഇത്രമാത്രം വൈഭവമുള്ളവര്‍ വേറെയില്ല. പരിഷ്‌കരിക്കപ്പെട്ട് വശം കെട്ട മതം പുല്‍കാന്‍ തയ്യാറാകാതെ നിഷ്‌കളങ്കമായ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവര്‍ ഇസ്‌ലാമിസ്റ്റുകളുടെ ശത്രുപക്ഷത്താണ്. എവിടെയൊക്കെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടോ അവിടെയെല്ലാം പാരമ്പര്യ ശേഷിപ്പുകള്‍ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലക്കു നേരെ നടന്ന ആക്രമണത്തെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ലോകത്തെ ഏറ്റവും പുരാതനമായ സര്‍വകലാശാലയാണ് കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അസ്ഹര്‍. ഇസ്‌ലാമിലെ നാല് മദ്ഹബുകളെക്കുറിച്ചും ആധികാരികമായ ഗവേഷണങ്ങളും പഠനങ്ങളും അവിടെ നടക്കുന്നു. കൂടാതെ ആധുനിക ശാസ്ത്ര, സാമൂഹിക ശാസ്ത്ര, കാര്‍ഷിക ഗവേഷണങ്ങളും സജീവമാണ്. സമ്പൂര്‍ണമായ സൂഫി(സുന്നി) പാരമ്പര്യത്തിലൂന്നിയാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. ലോകത്താകെ പാരമ്പര്യ ഇസ്‌ലാമിന്റെ പ്രഭ പരത്തുന്ന മഹത്തായ വിദ്യാഭ്യാസ സമുച്ചയത്തെ ഈജിപ്ത് ഭരിച്ച മുഴുവന്‍ ഭരണാധികാരികളും അങ്ങേയറ്റം ബഹുമാനത്തോടെയാണ് കണ്ടത്. അല്‍ അസ്ഹറിലെ പണ്ഡിതന്‍മാരുടെ വാക്കുകള്‍ക്ക് അവര്‍ ചെവിയോര്‍ത്തിരുന്നു. അല്‍ അസ്ഹര്‍ ഒരു പ്രതീകമാണ്. 1928 മുതല്‍ ഇഖ്‌വാനികള്‍ തീര്‍ത്തും കേഡര്‍ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും അധികാരം പിടിക്കുന്നിടത്ത് വരെ രാഷ്ട്രീയ ശക്തി കൈവരിച്ചിട്ടും ഈജിപ്ഷ്യന്‍ പോളിറ്റിയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഒരു പരിവര്‍ത്തനത്തിനും അവര്‍ക്ക് സാധിച്ചിട്ടില്ലെന്നതിന്റെ പ്രതീകം. രാഷ്ട്രീയമായി ഐക്യപ്പെടുകയോ നിര്‍ണായക ശക്തിയാകുകയോ ചെയ്യുന്നില്ലെങ്കിലും ഈജിപ്ഷ്യന്‍ ജനതയിലെ മഹാഭൂരിപക്ഷവും ബ്രദര്‍ഹുഡും സലഫികളുമൊക്കെ വെട്ടിയ വഴിയില്‍ നിന്നും മാറി നടക്കുന്നുവെന്നതിന്റെ തെളിവാണ് അല്‍ അസ്ഹര്‍. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവ് മുഹമ്മദ് മുര്‍സി പ്രസിഡന്റായപ്പോള്‍ അല്‍ അസ്ഹറില്‍ ഇടപെടാന്‍ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ, വിജയിച്ചില്ല. അല്‍ അസ്ഹറില്‍ കുഴപ്പം വിതക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ചരിത്രത്തെ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് അരാജകത്വം വിതച്ച് ഒളിയജന്‍ഡകള്‍ സാധിച്ചെടുക്കുകയെന്ന ഫാസിസ്റ്റ് തന്ത്രം തന്നെയാണത്. ജനറല്‍ സീസി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിന് ഇരയായെന്ന് മുറവിളി കൂട്ടുന്ന ബ്രദര്‍ഹുഡ് സര്‍വ ഇടങ്ങളിലും അക്രമം അഴിച്ചുവിടുകയാണ്. അല്‍ അസ്ഹറില്‍ നുഴഞ്ഞുകയറി തീവെക്കുന്ന ബ്രദര്‍ഹുഡുകാര്‍ അവരുടെ ദീര്‍ഘകാല പദ്ധതികള്‍ തന്നെയാണ് പൂര്‍ത്തീകരിക്കുന്നത്. അറിവാണ് ഏറ്റവും വലിയ സാമ്രാജ്യത്വ പ്രതിരോധമെന്നും അറിവിനെ ജനാധിപത്യവത്കരിക്കണമെന്നുമൊക്കെ വിളിച്ചുകൂവുന്ന ഇസ്‌ലാമിസ്റ്റുകള്‍ അല്‍ അസ്ഹര്‍ പോലുള്ള ഒരു വിജ്ഞാന കേന്ദ്രത്തിന് തീ വെക്കാന്‍ ധൈര്യപ്പെടുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? എങ്ങനെയാണ് ഇത് ന്യായീകരിക്കാനാകുക. എവിടെ നിന്നോ തീ വന്നു, അല്‍ അസ്ഹറിന്റെ ഒരു ഭാഗം കത്തി എന്ന നിലക്ക് ഇങ്ങ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി പത്രത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നത് ഇത് ന്യായീകരിക്കാന്‍ ഒരു പഴുതും ഇല്ലാത്തതു കൊണ്ടാണ്. (നിന്നുകത്തുന്ന അല്‍ അസ്ഹര്‍ കെട്ടിടത്തിന്റെ ചിത്രത്തിനു താഴെ “സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ച അസ്ഹര്‍ വാഴ്‌സിറ്റിയിലെ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്” എന്നായിരുന്നു അടിക്കുറിപ്പ്.) പിന്നെയുള്ളത് പോലീസ് തീവെച്ചുവെന്ന നുണ ആവര്‍ത്തിക്കുകയെന്നതാണ്. അതാണ് ഈജിപ്തില്‍ ഇഖ്‌വാന്‍ നേതാക്കള്‍ ചെയ്യുന്നത്.
ഈജിപ്തിലെ ഇഖ്‌വാനികള്‍ വലിയ ഇച്ഛാഭംഗത്തിലാണ്. അവര്‍ക്ക് കൈവന്ന രാഷ്ട്രീയ അധികാരം തങ്ങളുടെ കൊള്ളരുതായ്മ കൊണ്ട് തന്നെ നഷ്ടമായിരിക്കുന്നു. അക്രമാസക്ത പ്രക്ഷോഭം കൊണ്ടും അന്താരാഷ്ട്ര ഇടപെടല്‍ കൊണ്ടും അത് പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ക്കറിയാം. മുബാറക്കിനെതിരായ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഫലം കൊയ്ത മുഹമ്മദ് മുര്‍സിക്ക് ഭരിക്കാനറിയില്ലായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിനും ഭരണകൂടത്തിന്റെ ഇഖ്‌വാന്‍വത്കരണത്തിനുമാണ് അദ്ദേഹം തുനിഞ്ഞത്. ഹസനുല്‍ ബന്നയുടെ പിന്‍ഗാമികള്‍ ഭരണം കിട്ടിയപ്പോള്‍ പാശ്ചാത്യ മൂലധനത്തോടും മൂല്യങ്ങളോടും രാജിയായി. ഈജിപ്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സവിശേഷമായ അധികാരകേന്ദ്രമായ സൈന്യത്തിന്റെ കൈകളിലേക്ക് ഭരണം വന്നു ചേര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുര്‍സി ഭരണകൂടത്തിനാണ്.
ഇവിടെയാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗമെന്ന അവകാശവാദം പൊളിഞ്ഞടിയുന്നത്. ഉള്‍ക്കൊള്ളലിന്റെ സൗന്ദര്യമാണ് ഇസ്‌ലാമിക രാഷ്ട്രീയ സംഹിതയുടെ കാതല്‍. എന്നാല്‍, അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകളെ മതന്യൂനപക്ഷങ്ങള്‍ വെറുക്കുന്നു. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ മാത്രം മതി ഉദാഹരണത്തിന്. അനുരഞ്ജനവും സംയമനവുമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ഇവ രണ്ടും ഇസ്‌ലാമിസ്റ്റുകളുടെ നിഘണ്ടുവില്‍ ഇല്ലെന്ന് ഈജിപ്ത് തെളിയിച്ചിരിക്കുന്നു. ഏറ്റുമുട്ടലിന്റെയും കുതന്ത്രങ്ങളുടെയും രാഷ്ട്രീയം പുറത്തെടുത്തതുകൊണ്ട് ടുണീഷ്യയില്‍ അന്നഹ്ദയുടെ ഭരണം തകര്‍ന്നു. 2003 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന ത്വയ്യിപ് ഉര്‍ദുഗാന്‍ വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നെങ്കിലും ഒടുവിലിപ്പോള്‍ അഴിമതിയാരോപണങ്ങളില്‍ ആടിയുലയുകയാണ്. ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവ് യുദ്ധക്കുറ്റത്തിന് വധ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നു. അവിടെ തെരുവില്‍ മരണം വിതക്കുന്നതില്‍ വ്യാപൃതരാണ് ജമാഅത്തുകാര്‍. അവിടെയും ന്യൂനപക്ഷങ്ങളാണ് വേട്ടയാടപ്പെടുന്നത്.
മന്‍സുറയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് പിറകേ ഈജിപ്തിലെ ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചുവെന്നതാണ് ഏറ്റവും ഒടിവിലത്തെ വാര്‍ത്ത. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം സിനായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ബൈത്തുല്‍ മുഖദ്ദിസ് എന്ന സംഘടന ഏറ്റെടുത്തതു കൊണ്ട് ഇഖ്‌വാന് പിടിച്ചുനില്‍ക്കാം. പക്ഷേ, ഈ അന്‍സാര്‍ എന്നൊക്കെ പറഞ്ഞാല്‍ ബ്രദര്‍ഹുഡിന്റെ പര്യായം തന്നെയാണെന്ന് ചരിത്രബോധമുള്ളവര്‍ക്ക് അറിയാം.
ബ്രദര്‍ഹുഡിന് നിരോധം ഒരു പുത്തരിയല്ല. സാമൂഹിക സംഘടനയെന്ന നിലയില്‍ ആര്‍ജിച്ചെടുത്ത ജനസമ്മതി നിരോധങ്ങള്‍ മറികടക്കാന്‍ അതിനെ പ്രാപ്തമാക്കിയ ചരിത്രമാണ് ഉള്ളത്. പക്ഷേ, ആ ചരിത്രം അസ്തമിച്ചിരിക്കുന്നു. അധികാര സോപാനമേറിയ ബ്രദര്‍ഹുഡ് ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു. പണ്ട് വീടിന്റെ മച്ചില്‍ ഇഖ്‌വാനികളെ ഒളിപ്പിക്കാന്‍ ജനം തയ്യാറായിരുന്നുവെങ്കില്‍ ഇന്ന് അവരെ ആട്ടിയോടിക്കുകയാണ്. ഇരട്ട വ്യക്തിത്വങ്ങള്‍ അധികകാലം വാഴില്ല. നിഗൂഢതകള്‍ ഒരു കാലത്ത് അനാവരണം ചെയ്യപ്പെടും. സാമ്രാജ്യത്വവിരുദ്ധ പ്രതിച്ഛായയില്‍ അഭിരമിക്കുന്ന ബ്രദര്‍ഹുഡിന് വേണ്ടി വാദിക്കാന്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തയ്യാറാകുന്നതിനേക്കാള്‍ വലിയ വൈരുധ്യമുണ്ടോ? ഇസ്‌ലാമിന്റെ മൗലികതയെയാണ് സാമ്രാജ്യത്വം ഭയക്കുന്നത്. മൗലികതയില്‍ വെള്ളം ചേര്‍ത്തവര്‍ സാമ്രാജ്യത്വത്തിന്റെ ഒളിസേവക്കാരാണ്.

musthafaerrakkal@gmail.com

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്