ഖത്തറില്‍ പോലിസ് ചമഞ്ഞ് കവര്‍ച്ച നടത്തുന്ന സംഘത്തെ പിടി കൂടി

Posted on: January 4, 2014 10:11 pm | Last updated: January 4, 2014 at 10:29 pm

qatarദോഹ: പോലിസ് ചമഞ്ഞ് ആളുകളെ കബളിപ്പിച്ച് പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച നടത്തുന്ന ആറംഗ സംഘത്തെ ഖത്തര്‍ സി ഐ ഡി വിഭാഗം പിടികൂടി. ഇവരെ കൂടുതല്‍ തെളിവെടുപ്പിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പോലീസ് ഉദ്യോഗസ്ഥരെന്നു തോന്നിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് ഏഷ്യന്‍ വംശജരായ ഇവര്‍ സ്വദേശികളും വിദേശികളുമായ ആളുകളെ പറ്റിച്ച് കളവും കവര്‍ച്ചയും നടത്തിവന്നത്. നിരവധി പേരുടെ പണം, മൊബൈല്‍, വാച്ച്, സ്വര്‍ണ്ണാഭരണങ്ങള്‍, പാസ്‌പോര്‍ട്ട്, ബാങ്ക് കാര്‍ഡ് എന്നിവ കവര്‍ന്നെടുത്തതായി പ്രതികള്‍ സമ്മതിച്ചു. സമര്‍ത്ഥമായി കളവു നടത്താന്‍ സഹായിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വേഷമണിഞ്ഞു കവര്‍ച്ചക്ക് കോപ്പ് കൂട്ടുന്ന ഒരു സംഘത്തെക്കുറിച്ച് വിശ്വാസയോഗ്യമായ വിവരമനുസരിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ സുപ്രധാന അന്വേഷണ ദൗത്യമാണ് കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വ്യക്തികളെയോ ഇടപാടുകളെയോ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറാന്‍ മടിക്കരുതെന്ന് ഖത്തര്‍ പോലിസ് അറിയിച്ചു.