വിസക്കുള്ള പരിശോധന: തിരക്കൊഴിവാക്കാന്‍ നേരത്തെ എത്താന്‍ അധികൃതരുടെ നിര്‍ദേശം

Posted on: January 4, 2014 10:02 pm | Last updated: January 4, 2014 at 10:02 pm

1342359471അബുദാബി: വിസക്കുള്ള വൈദ്യപരിശോധനാ തിരക്കൊഴിവാക്കാന്‍ പ്രവാസി സമൂഹം നേരത്തെ എത്താന്‍ ശ്രമിക്കണമെന്ന അധികൃതര്‍ നിര്‍ദേശിച്ചു. വിസക്കുള്ള വൈദ്യപരിശോധന നടത്തുന്ന ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്റ(ഡി പി എസ് സി)റുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് ഈ അഭ്യര്‍ഥന.
കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ അബുദാബിയില്‍ വിസക്കായുള്ള വൈദ്യപരിശോധനക്ക് ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തിരക്ക് ഒഴിവാക്കാന്‍ വിസ സ്റ്റാമ്പ് ചെയ്യാനുള്ള അവസാന തിയ്യതി വരെ കാത്തിരിക്കാതെ നേരത്തെ വൈദ്യപരിശോധന നടത്താന്‍ ഡി പി എസ് സി ഡയറക്ടര്‍ ഡോ. മുബാറക് അല്‍ ദര്‍മാകി അഭ്യര്‍ഥിച്ചിരിക്കുന്നത്. മുസഫ്ഫയിലെ ഡി പി എസ് സി സെന്ററിലും വൈദ്യ പരിശോധനക്കായി മണിക്കൂറുകളോളം വരി നില്‍ക്കേണ്ട സാഹര്യമാണുള്ളത്.
വൈദ്യപരിശോധനക്കായി പോകുന്നവര്‍ കഴിയുന്നതും ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ ഒഴിവാക്കുന്നത് തിരക്ക് കുറക്കാന്‍ സഹായിക്കും. അവധി ദിനങ്ങള്‍ക്ക് ശേഷം ഈ രണ്ട് ദിവസങ്ങളിലുമാണ് കൂടുതല്‍ പേര്‍ വൈദ്യപരിശോധനക്കായി എത്തുന്നത്.
അബുദാബി ഹസ്സ ബിന്‍ സായിദ് സ്ട്രീറ്റിലെ സെന്ററിലാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. ഏഴു മണിക്കാണ് സെന്റര്‍ തുറക്കുകയെങ്കിലും ആളുകള്‍ അഞ്ചു മണിക്കും ആറു മണിക്കും ഇവിടെ വൈദ്യ പരിശോധനക്കായി കാത്തിരിക്കുന്നത് പതിവായിട്ടുണ്ട്. തിരക്കില്‍ നിന്നു രക്ഷപ്പെടാമെന്ന ധാരണയിലാണ് പലരും നേരത്തെ എത്തുന്നത്. ഹസ്സ ബിന്‍ സായിദ് സെന്ററിന്റെ സമയം വൈകുന്നേരം ഏഴു മണി വരെ ആണെങ്കിലും ഇവിടെ ഉച്ചക്ക് 12 ആയാല്‍ അപ്പോയന്റ്‌മെന്റ് നല്‍കുന്നില്ലെന്നു ഈ മേഖലയിലെ താമസക്കാര്‍ പരാതിപ്പെടുന്നു. ഡി പി എസ് സി വെബ് സൈറ്റില്‍ വൈകുന്നേരം ഏഴു മണിവരെയെന്നു വ്യക്തമാക്കിയിരിക്കേയാണ് ഇത്തരം പരാതി ഉയരുന്നത്.
സെന്ററിന്റെ പ്രവര്‍ത്തന രീതി അനുസരിച്ച് അവസാന മണിക്കൂറില്‍ വരെ വൈദ്യപരിശോധന നടത്താന്‍ കഴിയുമെങ്കിലും ഓരോ ദിവസവും ചെയ്തു തീര്‍ക്കാവുന്ന പരമാവധി സംഖ്യയില്‍ കൂടുന്നതിനാലാണ് ആളുകള്‍ക്ക് ഉച്ചക്ക് വന്നാലും കാര്യം സാധിക്കാതെ മടങ്ങേണ്ട അവസ്ഥ ഉണ്ടാവുന്നത്.
അബുദാബിയിലെയും മുസഫ്ഫയിലെയും സെന്ററുകളിലായി 3,000 നും 4,500നും ഇടയില്‍ വൈദ്യപരിശോധനയാണ് ഒരു ദിവസം നടത്താന്‍ സാധിക്കുക. പരിശോധനയുടെ ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടതുള്ളതിനാല്‍ ഇതില്‍ കൂടുതല്‍ പരിശോധന സാധ്യമാകില്ല. കൂടുതല്‍ സെന്ററുകള്‍ അനുവദിക്കാനും നിലവിലെ സെന്ററുകളുടെ കാര്യശേഷി വര്‍ധിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാവുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാവും. എമിറേറ്റിലെ ജനസംഖ്യയില്‍ സംഭവിച്ചിരിക്കുന്ന വര്‍ധനവാണ് ഇത്തരം ഒരു പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നാലു ഘട്ടങ്ങളായാണ് വിസക്കുള്ള വൈദ്യപരിശോധന. ഫോട്ടോ എടുക്കല്‍, സാംക്രമിക രോഗങ്ങളുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള ജനറല്‍ ഫിസിഷ്യന്റെ പരിശോധന, രക്ത പരിശോധന, നെഞ്ചിന്റെ എക്‌സ്‌റേ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതിനായി 250 ദിര്‍ഹം മുതല്‍ 350 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്. ഫീസില്‍ അല്‍പം വര്‍ധനവ് നല്‍കാന്‍ തയ്യാറാവുന്നവര്‍ക്ക് ഫാസ്റ്റ് ട്രാക്ക് പ്രീമിയം പ്രോസസിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും ഇത് സമയം ലാഭിക്കാന്‍ സഹായിക്കുമെന്നും ഡോ. മുബാറക് അല്‍ ദര്‍മാകി വിശദീകരിച്ചു.