ദേവയാനി: ദൃശ്യങ്ങള്‍ യൂട്യൂബില്‍ ആറ് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്തത്

Posted on: January 4, 2014 8:29 pm | Last updated: January 4, 2014 at 8:37 pm

devayani-vedio-footageവാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അമേരിക്കന്‍ പോലീസ് സ്‌റ്റേഷനില്‍ നഗ്നയാക്കി പരിശോധിക്കുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും നെറ്റിലും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ ആറ് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അമരിക്കന്‍ പോലീസുകാര്‍ മൃഗീയമായ രീതിയില്‍ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ദേവയാനിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.

2008 സെപ്തംബറിലാണ് വിവാദ വീഡിയോ യു ട്യൂബില്‍ പ്രസിദ്ധീകരിച്ചത്. നിരപരാധിയായ യുവതിയെ അമേരിക്കന്‍ പോലീസുകാര്‍ ക്രൂരമായി തുണിയുരിഞ്ഞ് പരിശോധിക്കുന്നു എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം 41 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദേവയാനിയെ തുണിയുരിഞ്ഞ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ചില ചില വെബ്‌സൈറ്റുകളും ചാനലുകളും പ്രസിദ്ധീകരിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ ശക്തമായ നിഷേധവുമായി അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള അപകടരമായ പ്രവര്‍ത്തനം എന്നാണ് ഈ വീഡിയോ പ്രചാരണത്തെ അമേരിക്ക വിശേഷിപ്പിച്ചത്.

ദേവയാനി സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉലയുന്നതിനിടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തിയ ശ്രമമാണ് പൊളിയുന്നത്.