Connect with us

International

ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യം വ്യാജമെന്ന് അമേരിക്ക

Published

|

Last Updated

വിവാദ വീഡിയോയില്‍ നിന്നുള്ള രംഗം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്ക. ഈ ദൃശ്യങ്ങള്‍ ദേവയാനിയുടേത് അല്ലെന്ന് ഉറപ്പാണെന്നും അപടകരമായ പ്രകോപനത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി വക്താവ് മറിയ ഹാര്‍ഫ് പറഞ്ഞു.

devayaniപോലീസ് സ്‌റ്റേഷനില്‍ ഒരു യുവതിയെ സമ്പൂര്‍ണ നഗ്നയാക്കി അതിക്രൂരമായ രീതിയില്‍ പുരുഷ പോലീസുകാരും വനിതാ പോലീസുകാരും ചേര്‍ന്ന് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ദേവയാനിയെ പരിശോധിക്കുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും പ്രചരിക്കുന്നത്. ഇത് ചില വെബ്‌സൈറ്റുകളും അന്താരാഷ്ട്ര ചാനലുകളും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അമേരിക്ക ശക്തമായ നിഷേധം നടത്തിയത്.

ഇത് യഥാര്‍ഥ വീഡിയോ അല്ലെന്നും പ്രകോപനം സൃഷ്ടിക്കാന്‍ ആരോ മനപൂര്‍വം പ്രചരിപ്പിക്കുന്നതാണെന്നുമാണ് അമേരിക്കയുടെ ഉറച്ച നിലപാട്. ഇത്തരം പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നതായും മറിയ ഹാര്‍ഫ് പറഞ്ഞു.

വീട്ടുജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദേവയാനിയെ അമേരിക്ക അറസ്റ്റ് ചെയ്തത്. നയതന്ത്ര പരിരക്ഷയുള്ള ദേവയാനിയെ ഇതൊന്നും വകവെക്കാതെ മകളെ സ്‌കൂളിലയക്കാന്‍ കൊണ്ടുപോകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തുണിയുരിഞ്ഞ് ദേഹപരിശോധന നടത്തി അപമാനിച്ചത്. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അമേരിക്ക സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലാണ് പുതിയ വിവാദവുമായി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.