സഞ്ജുവിന് സെഞ്ച്വറി: അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്

Posted on: January 4, 2014 7:22 pm | Last updated: January 5, 2014 at 10:51 am
asiacup
സഞ്ജു സാംസണും വിജയ് സോളും

ഷാര്‍ജ: 19 വയസ്സിന് താഴെയുള്ളവരുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ പാകിസ്ഥാനെ 40 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 50 ഓവറില്‍ എട്ടുവിക്കറ്റിന് 314 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 274 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കുവേണ്ടി മലയാളി താരം സഞ്ജു വി സാംസണും ക്യാപ്റ്റന്‍ വി എച്ച് സോളും സെഞ്ച്വറി നേടി. വെറും 87 പന്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. സോള്‍ 120 പന്തില്‍ 100 റണ്‍സെടുത്തു. പാകിസ്ഥാന് വേണ്ടി ഖമറത്ത് അലി, സിയാവുല്‍ ഹഖ്, സഫര്‍ ഗോഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കംറാന്‍ അലി ഒരു വിക്കറ്റെടുത്തു.

പൊരുതാവുന്ന ടോട്ടല്‍ പിന്തുടര്‍ന്ന പാകിസ്ഥാന് 274 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 100 റണ്‍സെടുക്കുന്നതിനിടെ നാല് ബാറ്റ്‌സ്മാന്‍മാരെ പാകിസ്ഥാന് നഷ്ടമായി. എന്നാല്‍ കമ്രാന്‍ ഗുലാമും (പുറത്താവാതെ 102 രണ്‍സ്) സമി അസ്‌ലമും (87 റണ്‍സ്) എന്നിവര്‍ പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ സ്‌കോര്‍ 181 റണ്‍സിലെത്തിനില്‍ക്കുമ്പോള്‍ സമി പുറത്തായതോടെ പാകിസ്ഥാന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് മൂന്നും ചാമ മിലിന്ദ്, ദീപക് ഹൂഡ, ആമിര്‍ ഗനി എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

ഇന്ത്യ ശ്രീലങ്കയെയും പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്.