ഭരണം കൈയാളുന്നത് ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാര്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on: January 4, 2014 8:14 am | Last updated: January 4, 2014 at 8:14 am

വടകര: ഭൂ പ്രഭുത്വത്തിന്റെയും കുത്തകവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും താത്പര്യം നിലനിര്‍ത്താന്‍ ഭരണ വര്‍ഗ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിലൊന്നും ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാറിന്റെ നയം. ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാറാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം കൈയാളുന്നതെന്നും ഇതിനെതിരെ നിരന്തര സമരം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി ഐ ടി യു) ജില്ലാ സമ്മേളനം വടകരയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ പ്രദീപ്കുമാര്‍ എം എല്‍ എ, ടി ബാലന്‍ നായര്‍, അഡ്വ. ഇ കെ നാരായണന്‍, കെ വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി എച്ച് അശോകന്‍ നഗറില്‍ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.