കരോള്‍ സംഘത്തെ അക്രമിച്ച കേസില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന്

Posted on: January 4, 2014 8:13 am | Last updated: January 4, 2014 at 8:13 am

കണ്ണൂര്‍: ക്രിസ്തുമസ് ദിനത്തില്‍ മാടായിയില്‍ കരോള്‍ സംഘത്തെ അക്രമിച്ച കേസില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മാടായി ഹോളിക്രോസ് ചര്‍ച്ച് വികാരി ഷിബു ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഹോളിക്രോസ് ദേവാലയത്തില്‍ നിന്ന് പുറപ്പെട്ട സംഘത്തെയാണ് 12 അംഗസംഘ അക്രമിച്ചത്. പിന്നീട് 29ന് ഇടവകവികാരിയുടെ നേതൃത്വത്തിലുള്ള കരോള്‍ സംഘത്തെ അക്രമിക്കുകയും തിരുസ്വരൂപം തകര്‍ക്കുകയും ചെയ്തു. പ്രദേശത്തെ ദലിത് ക്രൈസ്തവരെ ഇവിടെ നിന്നും ഓടിക്കുന്നതിനായാണ് ഏറെക്കാലമായി അക്രമം നടക്കുന്നത്. എന്നാല്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയെങ്കിലും മര്‍ദനമേറ്റയാളെ പ്രതിയാക്കി ജയിലടക്കുകയാണുണ്ടായത്. പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പത്രസമ്മേളനത്തില്‍ ഫാ. ജില്‍സണ്‍ പനക്കല്‍, ഫാ. ജോര്‍ജ് മാത്യു, ഡെന്നീസ് ജോണ്‍സണ്‍, മധു ഡേവിഡ് എന്നിവരും പങ്കെടുത്തു.