യൂത്ത്‌ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ഒരു വിഭാഗം ഇറങ്ങിപ്പോയി

Posted on: January 4, 2014 8:12 am | Last updated: January 4, 2014 at 8:12 am

കണ്ണൂര്‍: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായ തീരുമാനമെടുത്തുവെന്നാരോപിച്ച് ഒരു വിഭാഗം യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് യോഗം ചേര്‍ന്നത്. നേരത്തെ പി സി റംസിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് മുനിസിപ്പല്‍ കമ്മിറ്റി നിര്‍ജീവാവസ്ഥയിലായിരുന്നു. ഒരു വിഭാഗം കമ്മിറ്റിയുമായി നിസ്സഹകരിച്ച് വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് സമവായത്തിലൂടെപുതിയ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം സജീവമാക്കുന്നതിനായി കഴിഞ്ഞ ദിവസം ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചത്. യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുസ്‌ലിഹ് മഠത്തില്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് മാങ്ങാടന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൗണ്‍സില്‍ യോഗം. തുല്യഅംഗങ്ങളെ വീതം ഭാരവാഹികളാക്കി സമവായത്തിലൂടെ കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു ധാരണയെങ്കിലും ഇതിന് വിരുദ്ധമായി ഏകപക്ഷീയമായി ഭാരവാഹികളെ നിശ്ചയിച്ചുവെന്നാരോപിച്ച് ഒരു വിഭാഗം യോഗത്തില്‍ നിന്നിറങ്ങിപ്പോയി. ഉരുവച്ചാല്‍, മരക്കാര്‍കണ്ടി, വെത്തിലപള്ളി, മൈതാന പള്ളി എന്നിവിടങ്ങലില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗം ബഹിഷ്‌കരിച്ചത്. അതിനിടെ നിലവിലുള്ള കമ്മിറ്റിയുടെ ജന.സെക്രട്ടറിയായ ഷംസീറിനെ വൈസ് പ്രസിഡന്റാക്കി തരം താഴ്ത്തിയത് ബഹളത്തിനിടയാക്കി. ഇതേത്തുടര്‍ന്ന് ഭാരവാഹിത്വം ഷംസീര്‍ രാജിവെച്ചു. പുതിയ കമ്മിറ്റിയുമായി സഹകരിക്കില്ലെന്നും സമാന്തര കമ്മിറ്റി രൂപവത്കരിക്കുമെന്നും യോഗം ബഹിഷ്‌കരിച്ച വിഭാഗം അറിയിച്ചു.