ചേവായൂര്‍, സിറ്റി, പേരാമ്പ്ര ഉപജില്ലകള്‍ക്ക് ചാമ്പ്യന്‍ പട്ടം

Posted on: January 4, 2014 7:08 am | Last updated: January 4, 2014 at 8:09 am

കോഴിക്കോട്: അഞ്ച് നാള്‍ നീണ്ടുനിന്ന കൗമാര കലയുടെ ഉത്സവത്തിന് വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി ക്യാമ്പസില്‍ തിരിശ്ശീല വീണപ്പോള്‍ ചേവായൂര്‍, സിറ്റി, പേരാമ്പ്ര ഉപജില്ലകള്‍ക്ക് ചാമ്പ്യന്‍ പട്ടം. അമ്പത്തിനാലാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 391 പോയിന്റ് നേടി സിറ്റി ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 335 പോയിന്റ് നേടി ചേവായൂര്‍ ഉപജില്ലയും യു പി വിഭാഗത്തില്‍ 143 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ലയും കരീടം ചൂടി.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ യഥാക്രമം 166, 118 പോയിന്റുകള്‍ പാറോപ്പടി സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് മികച്ച സ്‌കൂളിനുള്ള ഡബിള്‍ കിരീടം നേടിയപ്പോള്‍ യു പി വിഭാഗത്തില്‍ 53 പോയിന്റുകള്‍ നേടിയ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇ എം യു പി എസ് മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
യു പി ജനറല്‍ വിഭാഗത്തില്‍ പേരാമ്പ്രക്ക് തൊട്ടുപിറകിലായി 140 പോയിന്റോടെ വടകര ഉപജില്ലയും 139 പോയന്റ് നേടി കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചേവായൂര്‍ ഉപജില്ല രണ്ടാം സ്ഥാനവും(365 പോയിന്റ്), കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനവും(344) നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സിറ്റി ഉപജില്ല 326 പോയിന്റോടെ രണ്ടാം സ്ഥാനം നേടിയപ്പോള്‍ 309 പോയിന്റ് നേടിയ കൊയിലാണ്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ സിറ്റി (85 പോയിന്റ്) ഒന്നാമതെത്തി, കൊയിലാണ്ടി (84പോയിന്റ്) രണ്ടാംസ്ഥാനവും ബാലുശ്ശേരി (81പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 80 പോയിന്റ് വീതം നേടിയ വടകര, സിറ്റി ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 78 പോയിന്റ് നേടിയ ബാലുശ്ശേരിക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം നേടിയ പേരാമ്പ്ര 77 പോയിന്റ് നേടി.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 90 പോയിന്റ് നേടിയ കൊടുവള്ളി ഉപജില്ല ഒന്നാമതെത്തിയപ്പോള്‍ 88 പോയിന്റുമായി മുക്കം രണ്ടാം സ്ഥാനവും 85 പോയിന്റുമായി ഫറോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 63 പോയിന്റ് നേടി നാദാപുരം ഉപജില്ല ഒന്നാമതെത്തി. 61 പോയിന്റുമായി ഫറോക്ക് രണ്ടാമതെത്തിയപ്പോള്‍ 59 പോയിന്റ് നേടിയ കൊടുവള്ളി മൂന്നാം സ്ഥാനത്തിന് അവകാശികളായി.
വൈകീട്ട് നടന്ന സമാപന സമ്മേളനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. ഡപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫ് സമ്മാദാനം നിര്‍വഹിച്ചു. പി കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. സ്മരണിക പ്രകാശനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി കെ തങ്കമണി നിര്‍വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ഭാസ്‌കരന്‍, എസ് എസ് എ പ്രോജക്ട് ഓഫീസര്‍ വിനയകുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി കെ രാജന്‍, ഡി ഇ ഒമാരായ ഇ കെ സുരേഷ് കുമാര്‍, ഇ രാജഗോപാലന്‍, ജെ ഡി ടി മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. പി സി അന്‍വര്‍, വൈസ് പ്രസിഡന്റ് എം പി അബ്ദുല്‍ ഗഫൂര്‍, ജെ ഡി ടി വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ പി കെ എ റഷീദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി ഡി ഇ പ്രസന്നകുമാരി കാവുളളപുരയില്‍, കണ്‍വീനര്‍ വി രാജഗോപാലന്‍ പ്രസംഗിച്ചു.