പ്രതിപക്ഷ സമരങ്ങള്‍ ജീവനുപോലും ഭീഷണിയെന്ന് ഗവര്‍ണര്‍

Posted on: January 4, 2014 1:27 am | Last updated: January 4, 2014 at 1:27 am

തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങള്‍ക്കെതിരെ ഗവര്‍ണറുടെ വിമര്‍ശം. ഇത്തരം സമരങ്ങള്‍ പല സന്ദര്‍ഭങ്ങളിലും അന്തസ്സിന്റെയും ക്രമസമാധാനത്തിന്റെയും എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും പരോക്ഷമായി പ്രതിപക്ഷത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു. സമരങ്ങള്‍ പലപ്പോഴും ജീവനുപോലും ഭീഷണിയാണ്. ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെങ്കിലും മഹത്തായ ജനാധിപത്യ പാരമ്പര്യം മുന്‍നിര്‍ത്തി തിരഞ്ഞെടുക്കപ്പെട്ട ഏതൊരു സര്‍ക്കാറിനെയും പോലെയാണ് എല്ലാ പ്രക്ഷോഭങ്ങളെയും ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
ക്രിയാത്മകമായ വിമര്‍ശങ്ങളെ സര്‍ക്കാര്‍ എല്ലായ്‌പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ഇടപെടുന്നത് ഉചിതമല്ലെന്നു കോടതികള്‍ പോലും കണ്ടിട്ടുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തന്ത്രങ്ങളും ഹീന പ്രസ്താവനകളും നടത്തി ഭിന്നിപ്പിക്കുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.