Connect with us

Ongoing News

കാഴ്ചപ്പാടില്ലാത്ത നയപ്രഖ്യാപനം: പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കാഴ്ചപ്പാടില്ലാത്തതും നിരാശാജനകവുമായ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വിലക്കയറ്റം അടക്കം സംസ്ഥാനം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് സര്‍ക്കാറിന് നയ കാഴ്ചപ്പാടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണിയത്. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് എന്ന നിലക്ക് മാത്രമേ നയപ്രഖ്യാപന പ്രസംഗത്തെ കാണാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും അഴിമതി നടത്തുന്നതിന് അവസരം ഒരുക്കുന്ന നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചത് ഖേദകരമാണ്. രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയാണ്. ഗ്രൂപ്പിസവും തമ്മിലടിയും രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുന്നണിക്ക് ഏതുവിധേനയും ഭരണത്തില്‍ കടിച്ചുതൂങ്ങുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്.
ജനങ്ങളെ ബാധിക്കുന്ന ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് നയമില്ല. പരിസ്ഥിതി കാര്യത്തിലും നിലപാട് ഇതുതന്നെ. അട്ടപ്പാടിയിലെ ശിശുക്കള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യപരിപാലനത്തിന് ക്രിയാത്മക നിര്‍ദേശങ്ങള്‍ ഒന്നും നയപ്രഖ്യാപനത്തിലില്ല.
സംസ്ഥാനത്തിന്റെ ധനസ്ഥിതി ആശങ്കാജനകമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഒരു നയവും പ്രസംഗത്തിലില്ലെന്ന് ഡോ. തോമസ് ഐസക്കും വ്യക്തമാക്കി. 12ാം പദ്ധതിയുടെ ആരംഭത്തില്‍ ധനസ്ഥിതി 50 ശതമാനം ഉയര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ധനസ്ഥിതി വളരെ മോശമായ സാഹചര്യത്തില്‍ ഇപ്പോള്‍ എത്തി നില്‍ക്കുകയാണ്. പദ്ധതിയില്‍ ഈ വര്‍ഷം 50 ശതമാനം വെട്ടിച്ചുരുക്കേണ്ടിവരും. 3400 കോടിയില്‍ നിന്ന് റവന്യൂ കമ്മി 9,000 കോടിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ടതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ പ്രശ്‌നങ്ങളോട് സര്‍ക്കാറിന് പ്രത്യേകിച്ച് നിലപാടുകളില്ല എന്നതാണ് നയപ്രസംഗത്തില്‍ നിന്ന് ബോധ്യമാകുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

 

Latest