സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് തുക വകയിരുത്തണം

Posted on: January 4, 2014 1:16 am | Last updated: January 4, 2014 at 1:16 am

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയെ തുടര്‍ന്നുണ്ടാവുന്ന ഫണ്ടുകള്‍ സാമൂഹിക സുരക്ഷാമിഷന്റെ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ആവശ്യപ്പെട്ടു. കേരള സാമൂഹിക സുരക്ഷാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ജില്ലാ കലക്ടര്‍ കെ ബിജു മുഖ്യ പ്രഭാഷണം നടത്തി.
കിടപ്പിലായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന ‘ആശ്വാസകിരണം’, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്ന കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസിനായി ധനസഹായം നല്‍കുന്ന ‘സമാശ്വാസം’, മാരകരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനസഹായം നല്‍കുന്ന ‘താലോലം’ , കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്ന ‘കാന്‍സര്‍ സുരക്ഷ’, ബന്ധുക്കളുടെയോ മറ്റ് രക്ഷിതാക്കളുടെയോ കൂടെ താമസിക്കുന്ന അനാഥരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന ‘സ്‌നേഹപൂര്‍വം’, സംസാര-ശ്രവണശേഷിയില്ലാത്ത കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് ധനസഹായം നല്‍കുന്ന ‘ശ്രുതിതരംഗം’ എന്നിവയാണ് സാമൂഹിക സുരക്ഷാമിഷന്‍ നടപ്പലാക്കുന്ന വിവിധ പദ്ധതികള്‍.
2012 ല്‍ 96 ലക്ഷം രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ക്കായി വകയിരുത്തിയത്. ജില്ലാ പഞ്ചായത്ത് 25 ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകള്‍ 10 ലക്ഷം വരെയും ഗ്രാമപഞ്ചായത്തുകള്‍ അഞ്ച് ലക്ഷം വരെയും വകയിരുത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി ഈ വര്‍ഷം ജുലൈ വരെ 50 ലക്ഷം രൂപ പദ്ധതികള്‍ക്കായി ലഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ് അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷാമിഷന്‍ റീജനല്‍ കോഡിനേറ്റര്‍ കെ ഉനൈസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സി മുഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി കെ ജയദേവന്‍ ,ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ശശികുമാര്‍ , സാമൂഹിക സുരക്ഷാമിഷന്‍ സംസ്ഥാന ലെയ്‌സണ്‍ ഓഫീസര്‍ നാനാക്കല്‍ മുഹമ്മദ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി ,പഞ്ചായത്ത് അസി ഡയറക്റ്റര്‍ സേതുമാധവന്‍, സുരക്ഷാമിഷന്‍ കോഡിനേറ്റര്‍ എ ശരീഫ് സംസാരിച്ചു.