ഫെഡറേഷന്‍ കപ്പ്: സ്റ്റേഡിയത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസ്‌

Posted on: January 4, 2014 1:14 am | Last updated: January 4, 2014 at 1:14 am

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിലേക്ക് ടൗണില്‍ നിന്ന് സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് നടത്താന്‍ തീരുമാനം. പയ്യനാട് സ്റ്റേഡിയത്തിലേക്ക് നിലവിലുള്ള ഗതാഗത സംവിധാനത്തിന്റെ പരിമിതിയാണ് തീരുമാനത്തിനു കാരണം.
ഇതു സംബന്ധിച്ച് ഇന്നലെ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കമ്മറ്റി ആര്‍ ടി ഒക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍, ആര്‍ ടി ഒ, പോലീസ്, ഫയര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാകമ്മറ്റി ചെയര്‍മാന്‍ മനോഹരകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ പങ്കെടുത്തു.
സ്റ്റേഡിയത്തോടനുബന്ധിച്ച് നിലവിലുള്ള വിപുലമായ പാര്‍ക്കിംഗ് സംവിധാനത്തോടൊപ്പം സമീപത്തുള്ള സ്വകാര്യ സ്ഥലങ്ങളും പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തും.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടന പ്രോഗാമിന് നാളെ അന്തിമ രൂപമാകും.
അഞ്ച്, ആറ് തീയ്യതികളില്‍ സംഘാടക സമിതിയുടെ വിവിധ സബ് കമ്മറ്റികളും യോഗം ചേരുന്നുണ്ട്. ടീമുകള്‍ക്ക് താമസിക്കാന്‍ മഞ്ചേരിയില്‍ മലബാര്‍, പെരിന്തല്‍മണ്ണയില്‍ സൂര്യ ഹോട്ടലുകളും ഒഫീഷ്യല്‍സിനു വേണ്ടി നിലമ്പൂര്‍ റോസ് ഹോട്ടലും ബുക്ക് ചെയ്തിട്ടുണ്ട്. മറ്റുതാമസ സ്ഥലങ്ങള്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമാകും