കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതക്കയത്തില്‍

Posted on: January 4, 2014 1:12 am | Last updated: January 4, 2014 at 1:12 am

പരപ്പനങ്ങാടി: സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതിനാല്‍ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മൂന്ന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ ദുരിതക്കയത്തില്‍ കഴിയുന്നു.

ആലുങ്ങല്‍ ബീച്ചിലെ പറമ്പില്‍ അബ്ദുല്ലക്കുട്ടി, പറമ്പില്‍ ഖാദര്‍, സീതിന്റെ പുരക്കല്‍ കോയമോന്‍ എന്നീ മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിലായത്. വീടും സ്ഥലവും നഷ്ടപ്പെട്ട ഈ കുടുംബങ്ങളെ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സമീപത്തെ സര്‍ക്കാര്‍ ഫിഷറീസ് എല്‍ പി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചത്.
സ്‌കൂളില്‍ ഏറെ വിഷമിച്ച് കഴിഞ്ഞു കൂടുന്ന കുടുംബങ്ങളില്‍ പറമ്പില്‍ ഖാദറിന്റെ കുടുംബ മാത്രമാണ് ഇപ്പോള്‍ സ്‌കൂളിന്റെ ഒരു മൂലയില്‍ ഒതുങ്ങികൂടുന്നത്. സ്‌കൂളില്‍ കുട്ടികള്‍ പഠിക്കാന്‍ സൗകര്യമില്ലെന്നുള്ള പി ടി എ കമ്മിറ്റിക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് മറ്റു കുടുംബങ്ങള്‍ സ്‌കൂള്‍ വിട്ടിറങ്ങേണ്ടിവന്നിരിക്കയാണ്. സര്‍ക്കാര്‍ പുനരധിവാസം ഇനിയും നടപ്പിലായില്ലെങ്കില്‍ ഇവര്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ് ഈ മൂന്ന് കുടുംബങ്ങളുള്ളത്.
ഇവര്‍ക്ക് കടലെടുത്ത വീട്ടിലേക്ക് ഒരിക്കലും പോയി താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അടുത്ത കാലവര്‍ഷക്കാലത്ത് കടല്‍ക്ഷോഭത്തില്‍ പെട്ട് ഇനിയും നൂറോളം വീടുകള്‍ കടലെടുക്കുമെന്നുള്ള ഭീഷണിയിലാണ് ഇവിടെ. കടലും കരയുമായി കേവലം ഒരു മീറ്റര്‍ അകലത്തിലാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ മുക്കോല ദുരിതത്തില്‍ പെട്ടയാളുടെ വീട് സന്ദര്‍ശിക്കാന്‍ വന്ന മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്ക് ഓരോ കുടുംബത്തിനും സ്ഥലം ഏറ്റെടുത്ത് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് മാത്രം. അടുത്ത കാലവര്‍ഷം ആഗതകമാകുന്നതിന് മുമ്പേ ഇവിടെ അവശേഷിക്കുന്ന കുടുംബങ്ങള്‍ കൂടി കടലെടുത്ത് പോകുന്നതിന് മുമ്പെ ഇവിടെ കടല്‍ഭിത്തികെട്ടി സംരക്ഷിക്കണമെന്നും വീടുകള്‍ നഷ്ടപ്പെട്ട മൂന്ന് മത്സ്യതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസം ഉടന്‍ നടപ്പിലാക്കണമെന്നും സി പി എം കോളനി, വളപ്പില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് പ്രസ്തുത കുടുംബങ്ങളെ പങ്കെടുപ്പിച്ച് സി പി എം വളപ്പില്‍ കോളനി ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടി വില്ലേജിന് മുന്നില്‍ ഈ മാസം പത്തിന് ധര്‍ണ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.