കുളമ്പ് രോഗം: മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം നടപ്പായില്ല

Posted on: January 4, 2014 1:10 am | Last updated: January 4, 2014 at 1:10 am

പട്ടാമ്പി: കുളമ്പ് രോഗത്തിനെതിരെ പ്രാദേശിക ക്യാമ്പുകള്‍ നടത്തി കുത്തിവെയ്പ്പ് നല്‍കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം നടപ്പായില്ല. ജില്ലയില്‍ കുളമ്പ് രോഗം പടരുന്നത് തടയാന്‍ പ്രാദേശികമായി കന്നുകാലി ക്യാമ്പുകള്‍ സംഘടിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം പാലിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വിസമ്മതിച്ചതാണ് കുളമ്പ് രോഗം പടരാനിടയാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെകടര്‍മാര്‍ നിസഹകരണ സമരം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി, ക്ഷീര സംഘങ്ങള്‍, പാടശേഖര സമിതികള്‍ എന്നിവയുടെ സഹകരണം ലഭിക്കാത്തതും നിര്‍ദേശം പാളാന്‍ കാരണമാക്കി.
ഇന്‍സ്‌പെക്ടര്‍മാരുടെ നിസഹകരണം മൂലം വീടുകളിലെത്തിയുള്ള കുത്തിവെപ്പ് പ്രയോഗികമല്ലാത്തതിനാല്‍ പഞ്ചായത്തംഗങ്ങള്‍ മുന്‍കൈയെടുത്ത് വാര്‍ഡുകളില്‍ ഒരിടത്ത് കന്നുകാലികളെ ഒരുമിപ്പിച്ച് കുത്തിവെപ്പ് നല്‍കാനായിരുന്നു നിര്‍ദേശം. വെറ്റിനറി ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി കുത്തിവെപ്പ് നല്‍കാനുള്ള നിര്‍ദേശം പലപഞ്ചായത്തുകളിലും നടന്നിട്ടില്ല.—————ജില്ലയില്‍ അഗളി, നെന്മാറ, തരൂര്‍ പഞ്ചായത്തുകളിലും അതിര്‍ത്തി പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കുളമ്പ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കന്നുകാലി ചന്തകള്‍ സജീവമായ വാണിയംകുളം, കോട്ടത്തറ, കോഴിപ്പാറ, പെരുമ്പിലാവ്, കുഴല്‍മന്ദം പഞ്ചായത്തുകളിലും കുളമ്പ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയൊന്നും കുത്തിവെപ്പ് നടന്നിട്ടില്ലെന്നാണ് പരാതി. ജില്ലയില്‍ 1,67,00 കന്നുകാലികളുണ്ടെന്നാണ് കണക്ക്. അതിര്‍ത്തി ജില്ലയായ പാലക്കാട്ട് പ്രതിരോധ കുത്തിവെപ്പില്‍ വീഴ്ച ഉണ്ടാകരുതെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചിരുന്നു.—
മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ പ്രതിനിധി ജില്ലയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. അതേ സമയം ജില്ലയില്‍ 91 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കുളമ്പ് രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു