പബ്ലിക് ലൈബ്രറി സ്വകാര്യ സ്വത്താക്കാന്‍ അനുവദിക്കില്ല: പഞ്ചായത്ത് പ്രസിഡന്റ്‌

Posted on: January 4, 2014 1:08 am | Last updated: January 4, 2014 at 1:08 am

മേപ്പാടി: ഗ്രാമപഞ്ചായത്തിന്റെ 2009-10 വര്‍ഷത്തെ ബി ആര്‍ ജി എഫ് പ്രവര്‍ത്തിയായ മേപ്പാടി പബ്ലിക് ലൈബ്രറി ഹാള്‍ നിര്‍മാണം പ്രവൃത്തി ഗുണഭോക്തൃ കമ്മിറ്റി ഏറ്റെടുത്ത പ്രവര്‍ത്തിയാണ്.
പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഗുണഭോക്തൃ കമ്മിറ്റി കെട്ടിടം പഞ്ചായത്തിന് കൈമാറേണ്ടതുമാണ്. അതിന് തയ്യാറാകാതെ സര്‍ക്കാറിന്റെ കെട്ടിടം അനധികൃതമായി ഗുണഭോക്തൃകമ്മിറ്റിക്കാര്‍ കൈവശം വെച്ച് വരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് ആസ്തികള്‍ സൃഷ്ടിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പദ്ധതി വെക്കാന്‍ നിലവില്‍ നിയമമില്ല.
ടൗണിലെ നിലവിലെ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സിന് മുകളില്‍ നിര്‍മിച്ച പബ്ലിക് ലൈബ്രറി നിര്‍മാണവുമായി ബന്ധപ്പെട്ട കമ്മിറ്റി എന്ന നിലക്ക് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് മുമ്പായും കെട്ടിട നമ്പര്‍ നല്‍കുക, വയറിംഗ്, പ്ലംബിംഗ് ജോലി കള്‍ നടപ്പിലാക്കുക എന്നിവ ചെയ്യുന്നതിന് മുമ്പ് കെട്ടിടം കൈയേറി കൈവശപ്പെടുത്തുകയാണുണ്ടായതെന്നും അവര്‍ അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെയും അവകാശ വാദങ്ങളിലൂടെയും ഒരു പൊതു ആസ്തി നിയമ വിധേയമല്ലാതെ കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മെമ്പര്‍മാര്‍ മാത്രം അംഗങ്ങളായി സഹകരണ നിയമ പ്രകാരം പ്രവര്‍ത്തിച്ചു വരുന്ന ലൈബ്രറി ഭാരവാഹികള്‍ വ്യാജ പ്രസ്താവന നടത്തിയും തെറ്റിദ്ധരിപ്പിച്ചും കെട്ടിടം സവ്തമാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.