എന്‍ സി സി ട്രെയ്‌നിംഗ് അക്കാദമി: സ്ഥലപരിശോധന പൂര്‍ത്തിയായി

Posted on: January 4, 2014 1:06 am | Last updated: January 4, 2014 at 1:06 am

മാനന്തവാടി: മലബാറിലെ ആദ്യത്തെ ട്രെയ്‌നിംഗ് അക്കാദമി തവിഞ്ഞാല്‍ പഞ്ചായത്തിലെ മുനീശ്വരന്‍ കുന്നില്‍ ആരംഭിക്കുന്നതിനായുള്ള സ്ഥല പരിശോധന പൂറത്തിയായി.
എന്‍സിസി ഡയറക്‌ട്രേറ്റില്‍ നിന്നുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
പ്രിയദര്‍ശിനി എസ്‌റ്റേറ്റിനു കീഴിലെ മക്കിമല യൂണിറ്റില്‍ സര്‍വ്വേ നമ്പര്‍ 68/1 ബി യില്‍ പ്പെട്ട രണ്ട് ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടത്തില്‍ അക്കാദമിക്കായി വിട്ട് നല്‍കുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള അക്കാദമികള്‍ ആരംഭിക്കാനിരിക്കുന്നത് ഇടുക്കിയിലും തിരുവനന്തപുരത്തും മാത്രമാണ്.
600 മുതല്‍ 1200 വരെ എന്‍സിസി കേഡറ്റുകള്‍ക്ക് താമസിച്ച് പരിശീലനം നടത്തുന്നതിനായുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. കൂടാതെ കേഡറ്റുകള്‍ക്കായുള്ള ദേശീയ പരിശീലന പരിപാടി വിദേശ്യ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുള്ള പരിശീലനവും ക്യാമ്പും നടത്താനും കഴിയും. ഭാവിയില്‍ സ്ഥലം മിലിറ്ററി ബേസ് സ്‌റ്റേഷനാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതോടു കൂടി സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരിശീലനവും നല്‍കാന്‍ കഴിയും. കൂടാതെ മിലിട്ടറി കാന്റീന്‍ സ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത മലകയറ്റ പരിശീലനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥമാണെന്നും സംഘം വിലയരുത്തി.
മൂന്ന് സേനകള്‍ക്കുമുള്ള പരിശീലനവും അക്കാദമി വിപുലീകരിക്കുന്നതോട് കൂടി ഇവിടെ നല്‍കാന്‍ കഴിയും. എന്‍സിസി ഓഫീസ് ഇല്ലാത്ത സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ എന്‍സിസി അക്കാദമി ആരംഭിക്കുന്നത് സേനയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ്. ജില്ലയിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ മുനീശ്വരന്‍ കുന്നില്‍ തന്നെ അക്കാദമി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അത് മറ്റ് പല രീതിയിലും ഏറെ ഗുണപരമായി മാറും.
ഡയറ്‌ട്രേറ്റില്‍ നിന്നുള്ള പബ്ലിസിറ്റി ലെയ്‌സണ്‍ ഓഫീസര്‍ കെ മണിലാല്‍, അക്കൗണ്ടിംഗ് ഓഫീസര്‍ പി അബ്ദുല്‍ കലാം, ജൂനിയര്‍ സൂപ്രണ്ട് സി കെ അജി എന്നിവരാണ് സ്ഥല പരിശോധനകള്‍ക്കായി എത്തിയത്.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി ചക്രവര്‍ത്തി അടുത്ത് തന്നെ സ്ഥലം സന്ദര്‍ശിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.