ടോട്ടനമിന്റെ ‘ബോസ് ‘ ഇപ്പോള്‍ അഡബയോറാണ് !

Posted on: January 4, 2014 12:55 am | Last updated: January 4, 2014 at 1:05 am

TOTANEMANഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ സൂപ്പര്‍ താരം ടോട്ടനം ഹോസ്പറിന്റെ ഇമ്മാനുവല്‍ അഡബയോറാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ടോഗോ സ്‌ട്രൈക്കര്‍ നേടിയത് നാലു ഗോളുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നേടിയ ഹെഡര്‍ ഗോള്‍ പ്രതിഭാസ്പര്‍ശമുള്ളതായിരുന്നു. ആന്ദ്രെ വിലാസ് ബോസ് എന്ന കോച്ചിന് കീഴില്‍ ടോട്ടനം ഹോസ്പര്‍ തുടരെ തോല്‍വിയേല്‍ക്കുമ്പോള്‍ അഡബയോര്‍ സൈഡ് ബെഞ്ചിലായിരുന്നു. ലിവര്‍പൂളിനോട് ആറു ഗോളുകള്‍ക്ക് തോറ്റതോടെ വിലാസ് ബോസിനെ ടോട്ടനം മാനേജ്‌മെന്റ് പാക്ക് ചെയ്തു. പകരം, ടിം ഷെര്‍വുഡിനെ പരിശീല സ്ഥാനത്ത് താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചു. ഷെര്‍വുഡ് ആദ്യം ചെയ്തത് അഡബയോറിനെ ഫസ്റ്റ് ലൈനപ്പില്‍ തിരിച്ചുകൊണ്ടുവരികയായിരുന്നു. അത് ഫലം കണ്ടു. ടീമിന് കുഴപ്പമില്ലെന്നും വിഭവങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയതാണ് ക്ലബ്ബിന്റെ തിരിച്ചടിയെന്നും ഷെര്‍വുഡ് മനസ്സിലാക്കിക്കൊടുത്തു. രണ്ട് സ്‌ട്രൈക്കറെ മുന്‍നിര്‍ത്തിയുള്ള ഷെര്‍വുഡിന്റെ തന്ത്രവും വിജയകരമായി. അഡബയോറും റോബര്‍ട്ടോ സൊള്‍ഡാഡോയും ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതല്ലെന്ന് പ്രതിരോധനിരയിലെ ഡാനി റോസ് ചൂണ്ടിക്കാട്ടുന്നു. ആന്ദ്രെ വിലാസ് ബോസ് ഒരു സ്‌ട്രൈക്കറെ കേന്ദ്രീകരിച്ചായിരുന്നു ടോട്ടനമിന്റെ തന്ത്രമൊരുക്കിയത്. അത് വലിയ പാളിച്ചയാവുകയും ചെയ്തു.
ആന്ദ്രെ വിലാസ് ബോസിനോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാല്‍ സൊല്‍ഡാഡോ ഒറ്റക്ക് വിഷമിക്കുകയായിരുന്നു മുന്‍നിരയിലെന്നത് തിരിച്ചറിയേണ്ടതുണ്ടായിരുന്നു. ഷെര്‍വുഡ് അഡബയോര്‍ക്ക് അവസരം നല്‍കിയതോടെ മുന്നേറ്റനിര ശക്തമായി. ടീമിനൊന്നടങ്കം ഊര്‍ജം നല്‍കുവാന്‍ ചില താരങ്ങള്‍ക്ക് സാധിക്കും. ആ ഗണത്തില്‍ പെടുന്ന സ്‌ട്രൈക്കറാണ് അഡബയോറെന്നും ഡാനി റോസ്. ടോട്ടനമില്‍ ഹാരി റെഡ്‌നാപിന് കീഴിലുള്ള ആദ്യ സീസണില്‍ അഡബയോര്‍ അസാമാന്യ മികവിലായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പറയാന്‍ താന്‍ ഇവിടെയില്ലായിരുന്നു. സണ്ടര്‍ലാന്‍ഡിലായിരുന്നു ഡാനി റോസ് കളിച്ചിരുന്നത്.
എഫ് എ കപ്പില്‍ ആഴ്‌സണലിനെതിരായ മൂന്നാം റൗണ്ട് മത്സരത്തില്‍ ടോട്ടനം ഹോസ്പറിന്റെ വിജയപ്രതീക്ഷ അഡബയോറില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഗരെത് ബെയ്ല്‍ റയല്‍മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം കരുത്ത് ചോര്‍ന്ന ടോട്ടനം ആഫ്രിക്കന്‍ സ്‌ട്രൈക്കറുടെ മികവില്‍ പടയോട്ടത്തിന് ഒരുങ്ങുന്നു. 2006 ലെ ജനുവരി ട്രാന്‍സ്ഫറിലാണ് അഡബയോര്‍ മൊണാക്കോയില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്‌സണലിലെത്തുന്നത്. 2009 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും 2011 ല്‍ വായ്പാടിസ്ഥാനത്തില്‍ റയലിനും കളിച്ച ശേഷം ടോട്ടനമിലെത്തി.