ഇന്ത്യ-സഊദി തൊഴില്‍ കരാര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും

Posted on: January 4, 2014 12:55 am | Last updated: January 4, 2014 at 12:55 am

INDIA-SAUDIജിദ്ദ: ഇന്ത്യയും സഊദിയും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹിക കരാര്‍ 12 വിഭാഗങ്ങളില്‍ പെടുന്ന പ്രവാസികള്‍ക്ക് ഗുണമാകും. ചരിത്രവിജയമെന്നാണ് സഊദി മാധ്യമങ്ങള്‍ കരാറിനെ വിശേഷിപ്പിച്ചത്. ഡ്രൈവര്‍, ശൂചീകരണം, തോട്ടം, വീട്ട് ജോലി തുടങ്ങിയ വിഭാഗങ്ങള്‍ കരാറിന് കീഴില്‍ വരും. ഇന്‍ഷ്വറന്‍സ് സംരക്ഷണം, മിനിമം വേതനം, ജോലി സമയം, ശമ്പളത്തോടെയുള്ള അവധി, അടിയന്തര അവധി, ജോലിക്കാരന്റെ ബേങ്ക് അക്കൗണ്ട്, തര്‍ക്കപരിഹാര സംവിധാനം എന്നിവയെല്ലാം കരാരില്‍ നിഷ്‌കര്‍ഷിക്കുന്നത് തൊഴിലാളിക്ക് അനുഗ്രഹമാകും.
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പൂര്‍ണ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള സഊദി ഉപ മന്ത്രി അഹ്മദ് അല്‍ ഫാഹിദ് പറഞ്ഞു. തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പാനല്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംഘം ഉടന്‍ റിയാദ് സന്ദര്‍ശിക്കുമെന്ന് റിയാദ് ഇന്ത്യന്‍ മിഷനിലെ ഡെപ്യൂട്ടി ചീഫ് സിബി ജോര്‍ജ് പറഞ്ഞു.