തലവേദനക്ക് തല വെട്ടുന്ന രാഷ്ട്രീയ ചികിത്സ

Posted on: January 4, 2014 6:00 am | Last updated: January 3, 2014 at 10:51 pm

muzaffarnagar‘മുസാഫര്‍നഗറില്‍ അഭയാര്‍ഥി ക്യാമ്പുകളൊന്നും അവശേഷിക്കുന്നില്ല’ എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കലാപത്തിന് ഇരയായ പതിനായിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചെന്നോ അവരുടെ ആവലാതികളും നശിപ്പിച്ച വീടുകള്‍ക്കും വിളകള്‍ക്കും കൃഷിഭൂമികള്‍ക്കും പകരം വീടും ഉപജീവനമാര്‍ഗവും ലഭിച്ചെന്നോ കലാപകാരികളെയും ബലാത്സംഗ വീരന്‍മാരെയും പിടികൂടി ഇരകള്‍ക്ക് നീതി ലഭ്യമാക്കിയെന്നോ ആണ് തോന്നുക. എന്നാല്‍, ഒരു ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്, മുസാഫര്‍ നഗറിലെയും സമീപ ജില്ലയായ ശംലിയിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചുപൂട്ടിയതിലൂടെ, സമാജ്‌വാദി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍, ചെയ്തത്. ജര ബാധിച്ച ഭരണാധികാരികളെ ക്യാമറക്ക് പിന്നിലാക്കി ചോരത്തിളപ്പും യുവത്വവും തുളുമ്പുന്ന മുഖ്യമന്ത്രി അധികാരക്കസേരയിലായിരുന്നിട്ടും ഒരു ജില്ലയിലെ വലിയൊരു ജനവിഭാഗത്തിന് സ്വസ്ഥ ജീവിതം നിഷേധിക്കപ്പെടുന്നത് എന്തു മാത്രം ദയനീയമാണ്?
പിഞ്ചിളം ശരീരത്തിലേക്ക് തുളച്ചുകയറുന്ന തണുപ്പ് സഹിക്കാനാകാതെ പത്തും പതിനഞ്ചും ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങള്‍ മരിക്കുന്നതും കശ്മലന്‍മാരുടെ കൊടും ക്രൂരതകള്‍ സഹിക്കാതെ എല്ലാം വിട്ട് ഓടിപ്പോന്നെങ്കിലും പിറകെയെത്തി മാനം കവരുന്ന തേര്‍വാഴ്ചയും സാധാരണമായപ്പോള്‍ അത് മാധ്യമങ്ങളില്‍ നിറയുകയും ചര്‍ച്ചയാകുകയും ചെയ്ത അവസരത്തില്‍ പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് യു പി സര്‍ക്കാര്‍ മുസാഫര്‍നഗറിലെ ക്യാമ്പുകള്‍ അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസം ലോയി ക്യാമ്പിലെ അഭയാര്‍ഥികളെ കൂടി ഒഴിപ്പിച്ചതോടെ സര്‍ക്കാര്‍ കണക്കില്‍ ആരും അഭയാര്‍ഥികളായിട്ടില്ല. അഭയാര്‍ഥികളെ ഒഴിപ്പിച്ച രീതിയും ചര്‍ച്ചാവിധേയമാക്കേണ്ടതാണ്. ക്യാമ്പില്‍ കഴിയുന്നവരെയും ക്യാമ്പ് നടത്തുന്നവരെയും ഭീഷണിപ്പെടുത്തിയാണ് കുടിയൊഴിപ്പിക്കല്‍ നടത്തിയത്. ‘സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയ്‌ക്കൊള്ളൂ; നിങ്ങളെ പോറ്റാന്‍ ഞങ്ങള്‍ക്കാകില്ല’ എന്ന ചമ്മട്ടിയാണ് ഭരണകൂടം ഉപയോഗിച്ചത്. കൊടും തണുപ്പ് സഹിച്ച് ക്യാമ്പിലെ ‘ഠ’ വട്ടത്തില്‍ കഴിയുമ്പോഴും ദിനേന റേഷന്‍ ധാന്യങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും അധികാരികള്‍ തിരഞ്ഞുനോക്കിയിട്ടില്ലെങ്കിലും ചെറിയൊരു ആശ്വാസമുണ്ടായിരുന്നു; തലക്ക് മുകളില്‍ ഒരു മേല്‍ക്കൂരയെങ്കിലുമുണ്ടെന്ന വലിയ ആശ്വാസം.
ക്യാമ്പുകളില്‍ നിന്ന് ഇറക്കിവിട്ട ശേഷം ബസ് സ്റ്റാന്‍ഡുകളിലും ഒഴിഞ്ഞ പ്രദേശത്തും ഹിമാലയന്‍ തണുപ്പില്‍ ചോരക്കുഞ്ഞുങ്ങളെയും മാറോടണച്ച് കിടക്കുക മാത്രമായിരുന്നു ഇരകളുടെ മുമ്പിലുണ്ടായിരുന്ന ഏക മാര്‍ഗം. ഭൂമി കൈയേറ്റം, വനംഭൂമി കൈയേറ്റം തുടങ്ങിയ കേസുകളും മര്‍ദനോപകരണങ്ങളായി ഈ ഇരകള്‍ക്കെതിരെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. ശംലി ജില്ലയിലെ ക്യാമ്പില്‍ നേരത്തെ കഴിഞ്ഞവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഇത്തരം കേസുകളെടുത്തു. ശംലി ജില്ലയിലെ മന്‍സൂറ ഗ്രാമത്തില്‍ ക്യാമ്പ് ചെയ്തവര്‍ക്കെതിരെ തഹസില്‍ദാര്‍ ഠാക്കൂര്‍പ്രസാദിന്റെ പരാതിയിലാണ് ഝിന്‍ഝാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലാപത്തെ തുടര്‍ന്ന് ഭവനരഹിതരായ ഇവര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. താമസസ്ഥലവും കെട്ടിയിരുന്നതായി തഹസില്‍ദാറുടെ പരാതിയില്‍ പറയുന്നു. ശംലി ജില്ലയില്‍ തന്നെ റോതന്‍ ഗ്രാമത്തില്‍ ഭൂമി ഒഴിയാന്‍ 270 കുടുംബങ്ങള്‍ക്ക് വനം വകുപ്പ് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഭൂമിയും വനം ഭൂമിയും കൈയേറി വന്‍കിട ബംഗ്ലാവ് നിര്‍മാണമോ തോട്ടം കൃഷിയോ റിസോര്‍ട്ട് നിര്‍മാണമോ അല്ല ഇവര്‍ നടത്തിയതത്. സ്വന്തം നാട്ടില്‍, സ്വന്തം ഭൂമിയില്‍ സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കാതെ വന്നപ്പോള്‍ സര്‍വവും ത്യജിച്ച് ഓടിപ്പോന്നവരാണ്, ശത്രുക്കള്‍ വരാന്‍ സാധ്യതയില്ലാത്ത പുറംപോക്ക് ഭൂമിയിലും മറ്റും ഒരു കൂര വെച്ചുകെട്ടിയത്. സംരക്ഷണം നല്‍കേണ്ട ഭരണകൂടം എല്ലാത്തിനും ‘മേല്‍നോട്ടം’ വഹിച്ച് ‘ഉത്തരവാദിത്വം’ ഭംഗിയായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നീതി നടപ്പാക്കാന്‍ ഇറങ്ങിയത്. അഖിലേഷിന്റെ തൊലിക്കട്ടിക്ക് മുമ്പില്‍ കാസിരംഗ ദേശീയ പാര്‍ക്കിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം പോലും തോല്‍ക്കും. 2002ന് ശേഷം രാജ്യത്ത് ഉടലെടുത്ത മോദിയന്‍ ഭരണതന്ത്രജ്ഞതയാണ് അഖിലേഷും മുലായവും നടപ്പില്‍വരുത്തുന്നത്. ഇരകളെ വീണ്ടും വീണ്ടും അഗ്നിപരീക്ഷകള്‍ക്ക് വിധേയരാക്കുക. അവരുടെ മുറിവില്‍ പരമാവധി എരിവ് കൂട്ടാന്‍ നോക്കുന്ന മോദിയന്‍ ഭരണ സംസ്‌കാരം.
അതേസമയം, ഉരുള്‍പൊട്ടലോ ഭൂകമ്പമോ ഉണ്ടായതിന് സമാനമായ മുസാഫര്‍നഗറിലെ സാമൂഹികാന്തരീക്ഷം പുനര്‍നിര്‍മിക്കാന്‍ ഭരണകൂടത്തിന്റെ നിയമപാലക സംഘത്തിന് ആയിട്ടില്ല. ഭയം ഉത്പാദിപ്പിക്കുന്ന ഉറവിടങ്ങളെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. അക്രമികളെ പൂര്‍ണമായി പിടികൂടിയിട്ടില്ല. കാലങ്ങളോളം സ്‌നേഹവായ്‌പോടെ കഴിഞ്ഞ അയല്‍വാസികളാണെങ്കിലും ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ആധിക്ക് മാറ്റം വന്നിട്ടില്ല. അത്തരമൊരു പരിഹാരം കാണല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒരു ജില്ലയിലെ ജനസംഖ്യയുടെ 47 ശതമാനം വരുന്നവരെ പൂര്‍ണമായും അടിച്ചോടിച്ച സംഭവങ്ങളില്‍ ഇതുവരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കേസെടുത്ത് അറസ്റ്റ് ചെയ്തത് 245 പേരെ മാത്രം. 28 പരാതികളില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ സുപ്രണ്ട് മനോജ് ഝാ പറയുന്നു. ഒമ്പത് കേസുകളിലെ അന്തിമ റിപ്പോര്‍ട്ട് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണത്തില്‍ തെളിവുകളുടെ ‘അഭാവം’ പോലീസിനെ വല്ലാതെ ‘കുഴക്കുന്നുണ്ട്’. വിവിധ കലാപക്കേസുകളില്‍ പ്രതികളായ 522 പേരുടെ പട്ടിക എസ് ഐ ടി പ്രാദേശിക പോലീസിന് കൈമാറിയിട്ടുണ്ട്. 48 കൊലക്കേസുകളില്‍ 89 പേര്‍ക്കെതിരെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചത് ആറ് പേര്‍ക്കെതിരെ മാത്രം. ആറ് ബലാത്സംഗ കേസുകളില്‍ 27 പ്രതികള്‍ ഉണ്ടെങ്കിലും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രാജേഷ് വര്‍മയെന്ന പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലും പ്രതികളാരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 6,386 പേര്‍ പ്രതിസ്ഥാനത്തുള്ള മൊത്തം 571 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്യുന്നത്. മുസാഫര്‍നഗറില്‍ 538ഉം ശംലിയില്‍ 27ഉം ഭഗപതില്‍ രണ്ടും മീറത്തിലും സഹരണ്‍പൂറിലും ഓരോരുത്തരും പ്രതികളായിട്ടുണ്ടെന്ന് എസ് ഐ ടി പറയുന്നു. നിയമപാലനവും നീതിയും ഇത്തരത്തില്‍ ‘സുന്ദരമായി’ നടപ്പിലാക്കിയതിന് ശേഷമാണ് സ്വന്തം ഗ്രാമങ്ങളില്‍ ‘സൈ്വര ജീവിതം’ ആസ്വദിച്ചോളൂവെന്ന് ഭരണസംവിധാനങ്ങള്‍ ഇരകളെ ആവര്‍ത്താവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നത്. കുറ്റം ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പോലും ത്രാണിയില്ലാത്ത യുവ ഭരണാധികാരിയാണ് യു പിയിലേത് എന്ന് വരുമ്പോള്‍ ന്യൂ ജനറേഷന്‍ രാഷ്ട്രീയ നേതാക്കളിലെ പ്രതീക്ഷ അസ്തമിക്കുകയാണ്. ചികിത്സ ഈ തരത്തിലാണ് ന്യൂ ജനറേഷന്‍ വൈദ്യന്‍മാര്‍ വിധിക്കുന്നതെങ്കില്‍ കുരങ്ങന്റെ കൈയിലെ പൂമാലയാകും ഇന്ത്യയിലെ ഭരണം. വേഗത്തിലും എളുപ്പത്തിലും സര്‍വവും ലഭ്യമാക്കുന്ന ആപ്പുകള്‍ പോലെയാണ് ഇത്തരം പ്രതിവിധികളും പരിഹാരങ്ങളും നിര്‍ദേശിക്കുന്നതെങ്കില്‍ അത് തലവേദനക്ക് ചികിത്സതയായി തല വെട്ടുന്നതിന് സമാനമാകും. ക്യാമ്പില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നതിനും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നതിനും പ്രതിവിധിയായി ക്യാമ്പ് തന്നെ അടച്ചുപൂട്ടിയ യുവ മുറിവൈദ്യന്റെ രാഷ്ട്രീയ അഭ്യാസം ഗംഭീരമാണ്. അയല്‍ രാജ്യത്തെ രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രദേശത്ത് ദരിദ്രരില്ലെന്ന് കാണിച്ച് ‘വെയ്റ്റ്’ നേടാന്‍ ദരിദ്രരെ ഒന്നടങ്കം നാടുകടത്തിയ കഥ ബാല പ്രസിദ്ധീകരണങ്ങളില്‍ വായിച്ച ഓര്‍മയാണ് ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ തികട്ടിവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസെന്ന കോളനിവത്കരണ ഓര്‍മ പുതുക്കലിന്റെ കലാമാമാങ്ക സമയത്ത് തങ്ങളുടെ നാട്ടില്‍ ‘ചേരി സാമ്രാജ്യം’ ഇല്ലെന്ന് കാണിക്കാന്‍ ചേരി പ്രദേശത്ത് മുളകള്‍ കൊണ്ട് വന്‍ മറ ഒരുക്കിയിരുന്നു ഡല്‍ഹി ഭരണാധികാരികള്‍. രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയയിടങ്ങളില്‍ നിന്ന് ദാരിദ്ര്യം കാരണം കുടിയേറിയവര്‍ക്ക് തെരുവ് പോലും അനുവദിക്കാത്ത ഭരണകൂട ധാര്‍ഷ്ട്യമാണ് അന്ന് കണ്ടത്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇതേ കുടിയേറ്റക്കാര്‍ക്ക് മരീചിക വാഗ്ദാനങ്ങള്‍ കോരിച്ചൊരിയാന്‍ പ്രത്യേക ഔത്സുക്യം പ്രകടിപ്പിക്കാറുണ്ട് രാഷ്ട്രീയ നേതാക്കള്‍. ഈ വര്‍ഷം ഡല്‍ഹിയില്‍ രാഹുല്‍ നടത്തിയ പ്രചാരണ പ്രസംഗങ്ങളില്‍ ഭൂരിപക്ഷ സമയവും വിനിയോഗിച്ചത് കുടിയേറ്റക്കാരുടെ സംരക്ഷണത്തിനാണ്. എന്നാല്‍ ഇവര്‍ വോട്ടിംഗ് യന്ത്രത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനാല്‍ രാഹുലിന്റെ പാര്‍ട്ടിക്ക് ‘എട്ടിന്റെ’ പണി കിട്ടി. തങ്ങളുടെ നയവൈകല്യങ്ങളും പിടിപ്പുകേടിന്റെ ഭരണ പാരമ്പര്യവും കാരണമാണ് ചേരിപ്രപഞ്ചങ്ങള്‍ രൂപം പ്രാപിക്കുന്നതെന്ന സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍!
ഒരു ഭരണകൂടത്തിന് എത്രത്തോളം അവസരവാദികളാകാം എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് മുസാഫര്‍നഗര്‍ ഇരകളോടുള്ള അഖിലേഷ് സര്‍ക്കാറിന്റെ മനോഭാവം. ക്യാമ്പുകളില്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അനുയായികളാണ് ഉള്ളതെന്ന ജുഗുപ്‌സാ വാദം ഉന്നയിക്കാന്‍ റിനോ തൊലിയുള്ളയാളാണ് മുലായം സിംഗ്. ഇഫ്താര്‍ വിരുന്നുകളില്‍ പച്ച തട്ടവും വലത്തൊപ്പിയുമണിഞ്ഞ് നീളക്കുപ്പായവും ധരിച്ച് വന്നതോടു കൂടി സമ്പൂര്‍ണമാകുന്നതാണ് മുലായമിന്റെയും പാര്‍ട്ടിക്കാരുടെയും മുസ്‌ലിംപ്രേമമെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഈ പ്രാവശ്യം യു പിയില്‍ സൈക്കിള്‍ ഓടിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് സാധിച്ചത് മുസ്‌ലിം വോട്ടിന്റെ പിന്‍ബലത്തിലാണ്. അധികാരത്തിലേറ്റിയതിന് കൃതജ്ഞതക്ക് പകരം കൃതഘ്‌നതയുമായി ജനവിരുദ്ധ നിലപാടുകളില്‍ വ്യാപൃതനാണ് സീനിയര്‍, ജൂനിയര്‍ യാദവന്‍മാര്‍.