Connect with us

Editorial

ഇന്ത്യ-സഊദി തൊഴില്‍ കരാര്‍

Published

|

Last Updated

സഊദി അറേബ്യയിലെ ഇന്ത്യക്കാരായ ഗാര്‍ഹിക ജീവനക്കാര്‍ക്ക് ഏറെ ഗുണപ്രദമാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും സഊദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹും വ്യാഴാഴ്ച ഡല്‍ഹിയില്‍ ഒപ്പ് വെച്ച കരാര്‍. ഗാര്‍ഹിക തൊഴിലാളികളെ സര്‍ക്കാര്‍ നേരിട്ടോ അംഗീകൃത ഏജന്‍സികള്‍ വഴിയോ മാത്രം റിക്രൂട്ട് ചെയ്യുക, ഇരുരാജ്യങ്ങളിലെയും റിക്രൂട്ടിംഗ് ചെലവ് കുറക്കുക, റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലാളിയുടെ വേതനത്തില്‍ നിന്ന് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കുക, തൊഴിലാളിയുടെ താമസം, ചികിത്സ, യാത്ര തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ സ്‌പോണ്‍സര്‍ ഉറപ്പ് വരുത്തുക, തൊഴിലാളികളുടെ വിവരങ്ങള്‍ 24 മണിക്കൂര്‍ ലഭ്യമാക്കുന്നതിന് സഊദി സര്‍ക്കാര്‍ സംവിധാനം, തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ ബാധ്യതയില്‍ ബേങ്ക് അക്കൗണ്ട്, കരാര്‍ കാലാവധി അവസാനിക്കുമ്പോഴും മറ്റു അടിയന്തര ഘട്ടത്തിലും നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങളില്‍ ലഘൂകരണം, കരാര്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കാനും കാലാവധി അവസാനിക്കുമ്പോഴുള്ള പുനഃപരിശോധനക്കും ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി- തുടങ്ങി തൊഴിലാളികളുടെ മിനിമം വേതനം, ജോലി സമയം, ശമ്പളത്തോടെയുള്ള അവധി, തര്‍ക്ക പരിഹാര സംവിധാനം എന്നിവ ഉറപ്പാക്കുന്ന കരാര്‍ തൊഴിലാളിയുടെയും സ്‌പോണ്‍സറുടെയും അവകാശ സംരക്ഷണം ഉറപ്പ് നല്‍കുന്നു.
മലയാളികളടക്കം ആറ് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗാര്‍ഹിക വിസയില്‍ ജോലി ചെയ്യുന്നുണ്ട് സഊദിയില്‍. തൊഴിലുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് ഇവരില്‍ പലരും. ഗള്‍ഫ് നാടുകളിലേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ പലവിധ തട്ടിപ്പുകള്‍ അരങ്ങേറുന്നുമുണ്ട്. തൊഴിലാളികളും സ്‌പോണ്‍സറും പലപ്പോഴും ഏജന്റുമാരുടെയും ഇടനിലക്കാരുടെയും വന്‍ചൂഷണത്തിനിരയാകുന്നു. കരാര്‍ നിലവില്‍ വരുന്നതോടെ റിക്രൂട്ട്‌മെന്റ് മേഖല ചൂഷണരഹിതമാകുമെന്നാണ് പ്രതീക്ഷ. കരാര്‍ ലംഘിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മറ്റു പ്രശ്‌നപരിഹാരങ്ങള്‍ക്കുമായി സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ രാപകല്‍ ഭേദമില്ലാതെ മുഴുസമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ സംവിധാനം ഒരുക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ആദ്യമായാണ് സഊദി അറേബ്യയുമായി ഇന്ത്യ ഇത്തരമൊരു കരാറില്‍ ഒപ്പിടുന്നത്. കൂടുതല്‍ തൊഴില്‍ മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ തൊഴില്‍ കരാര്‍ താമസിയാതെ നിലവില്‍ വരുമെന്നും ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണന്നും പ്രവാസ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഈ ചര്‍ച്ചകളില്‍ സഊദിയിലെ തൊഴില്‍ മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്ന കാര്യവും സജീവമായി പരിഗണിക്കേണ്ടതുണ്ട്. സ്വദേശിവത്കരണവും, നിയമലംഘകരെ കണ്ടെത്താനുള്ള തിരച്ചിലും അധികൃതര്‍ ഊര്‍ജിതമാക്കിയതോടെ സഊദിയിലെ വ്യവസായശാലകളും, കോണ്‍ട്രാക്ടിംഗ് കമ്പനികളും നിര്‍മാണ മേഖലയുമെല്ലാം പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ജോലിക്കാരെ ലഭിക്കാത്തതിനാല്‍ പ്രസ്തുത പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് ഒരു ലക്ഷം തൊഴിലാളികള്‍ക്കു പുതിയ വിസ അനുവദിക്കാന്‍ തീരുമാനിച്ചതായും ഇതില്‍ 20,000 തൊഴിലാളികളെ ഉടനെ തന്നെ റിക്രൂട്ട് ചെയ്യുമെന്നും സഊദി നാഷനല്‍ റിക്രൂട്ടിംഗ് കമ്പനി മേധാവി അടുത്ത ദിവസം പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യക്ക് കൂടുതല്‍ വിസ അനുവദിക്കാന്‍ സന്നദ്ധമാണെന്ന് സഊദി മുംബൈ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ അബ്ദുല്ല അല്‍ഈസയും വ്യക്തമാക്കിയിരുന്നു.
വ്യാവസായികമായും സാങ്കേതികമായും സഊദി അറേബ്യ അനുദിനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ത്വരിതഗതിയിലാണ്. അടുത്ത ഒരു ദശകത്തിനകം സഊദിയില്‍ നാല്‍പ്പത് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ വിദേശികള്‍ക്കായുണ്ടാകുമെന്നാണ് വിഗ്ധരുടെ വിലയിരുത്തല്‍. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്തോനേഷ്യയില്‍ നിരോധം വരികയും സഊദിയിലെ എത്യോപ്യന്‍ ഗാര്‍ഹിക ജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ മേഖലയിലും അവസരങ്ങള്‍ ഏറിയിട്ടുണ്ട്. സഊദിയുമായുള്ള ഹൃദ്യമായ ബന്ധം ഉപയോഗപ്പെടുത്തി, ഇന്ത്യക്ക് ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഭരണാധികാരികള്‍ സന്ദര്‍ഭത്തിനനുസരിച്ചു ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മാത്രം. രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയും സഊദിയുമായി സമ്പൂര്‍ണ തൊഴില്‍ കരാറിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയും ചെയ്യവേ അവിടുത്തെ തൊഴിലവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള സമ്മര്‍ദ തന്ത്രങ്ങളാണ് ബന്ധപ്പെട്ടവരില്‍ നിന്ന് രാജ്യത്തെ തൊഴില്‍ മേഖല പ്രതീക്ഷിക്കുന്നത്.