Connect with us

Kannur

ഭൂരിപക്ഷ സമുദായത്തെ ആകര്‍ഷിക്കാന്‍ 'ഭാരതീയ പാഠ'വുമായി സി പി ഐ

Published

|

Last Updated

കണ്ണൂര്‍: സി പി എമ്മിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ നടത്തുന്ന സെമിനാറുകള്‍ക്ക് പിറകെ “ഭാരതീയത” പഠിപ്പിക്കാന്‍ സി പി ഐയും ഒരുങ്ങുന്നു. മുസ്‌ലിം വിഭാഗങ്ങളെയും കുടിയേറ്റ ക്രൈസ്തവരെയും ലക്ഷ്യമിട്ട് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം കണ്ണൂരില്‍ സംഘടിപ്പിച്ചുവരുന്ന സെമിനാറുകള്‍ക്ക് പിറകെയാണ് ഭൂരിപക്ഷ സമുദായങ്ങളെ ചെറുതായെങ്കിലും നോട്ടമിട്ട് സി പി ഐയും വിപുലമായ സെമിനാര്‍ നടത്താനൊരുങ്ങുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും ബൗദ്ധിക കേന്ദ്രമായറിയപ്പെട്ടിരുന്ന എന്‍ ഇ ബാലറാമിന്റെ പേരിലുള്ള ട്രസ്റ്റാണ് ഭാരതീയം എന്ന പേരിലുള്ള മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ കണ്ണൂരില്‍ നടത്താനൊരുങ്ങുന്നത്. മതത്തെയും ഹൈന്ദവ ചിന്തകളെയും പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടാണ് സെമിനാര്‍ നടത്തുകയെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇടതുപക്ഷത്ത് നിന്ന് അകന്നുപോകുന്ന ഭൂരിപക്ഷ സമുദായങ്ങളെ ചെറുതായെങ്കിലും ഇത്തരം ശ്രമങ്ങള്‍ ആകര്‍ഷിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

ഈ മാസം 26 മുതല്‍ 28 വരെ കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളില്‍ സ്വാമി വിവേകാനന്ദനും ഉപനിഷത്തും സാഹിത്യവും വേദങ്ങളുമെല്ലാമുള്‍പ്പെടും. പ്രാചീന ഭാരതത്തിന്റെ ജ്ഞാനസമ്പത്തിനെ സത്യസന്ധമായി മനസ്സിലാക്കുന്നതിന് വേദകാലത്തെയും അതിന് മുമ്പുള്ള കാലത്തെയും കുറിച്ചുള്ള പഠനഗവേഷണങ്ങള്‍ വേണമെന്നും എന്നാല്‍ ആര്‍ഷഭാരത കാഴ്ചപ്പാടുകളെക്കുറിച്ച് പഠിക്കാന്‍ ഇവിടെ ചെറിയ ശ്രമങ്ങള്‍ പോലും നടന്നിട്ടില്ലെന്നും സംഘാടകര്‍ പുറത്തിറക്കിയ കുറിപ്പുകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാരതീയ ദര്‍ശനങ്ങളെ ഗാഢമായി മനസ്സിലാക്കിയ എന്‍ ഇ ബാലറാമിനൊപ്പം സംസ്‌കൃതത്തിലും വേദങ്ങളിലും പാണ്ഡിത്യം നേടിയ കെ ദാമോദരനെയും വെളിയം ഭാര്‍ഗവനെയുമെല്ലാം “ഭാരതീയം” പരിപാടിയുടെ കുറിപ്പുകളില്‍ അനുസ്മരിക്കുന്നു. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സി എന്‍ ചന്ദ്രനാണ് എന്‍ ഇ ബാലറാം ട്രസ്റ്റിന്റെ ചെയര്‍മാന്‍. സി പി ഐ ദേശീയ സെക്രട്ടറി അജിത് കൗര്‍, സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എം പി അച്യുതന്‍ എം പി, എ ഐ വൈ എഫ് ദേശീയ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ എന്നിവര്‍ മാത്രമാണ് പാര്‍ട്ടി ഭാരവാഹികളായി സെമിനാറില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തെ സെമിനാറില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ തര്‍ക്കങ്ങളിലും വേദങ്ങളിലുമെല്ലാം പാണ്ഡിത്യമുള്ള വിവിധ സര്‍വകലാശാലകളിലെ വകുപ്പ് തലവന്മാരും മറ്റുമാണ്.
മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാറാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. കേരള കലാമണ്ഡലം മുന്‍ വി സി. കെ ജി പൗലോസ്, കാണിപ്പയ്യൂര്‍ ബുക്‌സ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ ഡോ. പി വി രാമന്‍കുട്ടി, ഉപനിഷത് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്ന ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ ഡോ. കെ മുത്തുലക്ഷ്മി, ഡോ. എം ആര്‍ രാഘവ വാര്യര്‍ തുടങ്ങി നിരവധി പേര്‍ സെമിനാറിലും ശില്‍പ്പശാലയിലും പങ്കെടുക്കുന്നുണ്ട്. കഥകളിയും ചാക്യാര്‍കൂത്തുമൊക്കെയുള്ള കേരളീയ തനത് കലകളും സെമിനാറിന്റെ ഭാഗമായി നടക്കും. പൊതു ചര്‍ച്ച, അഭിപ്രായ രൂപവത്കരണം തുടങ്ങിയവയും സെമിനാറിന്റെ മറ്റൊരു പ്രത്യേകതയായിരിക്കും.
ഹിന്ദു സംഘടനകള്‍ മാത്രം ആചരിച്ചുവരാറുള്ള സ്വാമി വിവേകാനനന്ദന്റെ 150 ാം ജന്മജയന്തിയും സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഭാരതീയ സംസ്‌കാരം, ദേശീയത, വിവേകാനന്ദ ജയന്തി തുടങ്ങിയവയെല്ലാം തങ്ങളുടെത് മാത്രമാക്കി മാറ്റുന്ന ചില ഹൈന്ദവ സംഘടനകള്‍ക്കുള്ള മറുപടി കൂടിയായി സെമിനാര്‍ മാറുമെന്ന് അണികള്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ സംരംഭമെന്നും വ്യക്തമാക്കപ്പെടുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest