സ്വവര്‍ഗരതി വിധി: മന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങളില്‍ സുപ്രീംകോടതിക്ക് അതൃപ്തി

Posted on: January 3, 2014 11:12 pm | Last updated: January 3, 2014 at 11:12 pm

homosexualന്യൂഡല്‍ഹി: സ്വവര്‍ഗരതി സംബന്ധിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ സുപ്രീം കോടതിക്ക് അതൃപ്തി. സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് കാണിക്കുന്ന 377 ാം വകുപ്പ് റദ്ദാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ചില കേന്ദ്ര മന്ത്രിമാര്‍ രൂക്ഷമായി രംഗത്തെത്തിയിരുന്നു.
ഇത്തരം പ്രസ്താവനകള്‍ തികച്ചും അനാവശ്യമായിരുന്നുവെന്നും ഈ പ്രവണത പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ലെന്നും സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു. എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം ബഞ്ച് അംഗീകരിച്ചില്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ബഞ്ച് നിര്‍ദേശിച്ചു. പുതിയ കാലത്തോട് സംവദിക്കാത്ത വിധിയാണ് സുപ്രീം കോടതിയുടെതെന്നും സ്വവര്‍ഗരതി നിയമപരമാക്കുന്ന നിയമം പാര്‍ലിമെന്റ് പാസ്സാക്കണമെന്നുമായിരുന്നു കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലി പ്രതികരിച്ചത്. 1860 കാലത്തേക്ക് രാജ്യത്തെ പിന്നോട്ട് വലിക്കുന്ന വിധിയെന്നായിരുന്നു ധനമന്ത്രി പി ചിദംബരത്തിന്റെ അഭിപ്രായം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നലെ പരമോന്നത കോടതി നടത്തിയ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.