അസമിലെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുമ്പെയോടും

Posted on: January 3, 2014 10:55 pm | Last updated: January 3, 2014 at 10:55 pm

assam-timeഗുവാഹത്തി: വടക്കുകിഴക്കന്‍ മേഖലയില്‍ രാജ്യത്തെ പ്രത്യേക ടൈം സോണാക്കാന്‍ അസം സര്‍ക്കാര്‍ നടപടികള്‍ ആവിഷ്‌കരിക്കുന്നു. ഇത് നടപ്പിലായാല്‍ അസമിലെ ക്ലോക്കുകള്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമിനേക്കാള്‍ ഒരു മണിക്കൂര്‍ മുമ്പേയോടും.
ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണാധികാരികള്‍ നടപ്പില്‍ വരുത്തിയ ‘തോട്ട സമയം’ പിന്തുടരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അസം അടക്കമുള്ള വടക്കുകിഴക്കന്‍ മേഖലകളില്‍ അഞ്ച് മണിക്കാണ് സൂര്യന്‍ ഉദിക്കുന്നത്. ശൈത്യകാലത്ത് വൈകുന്നേരം അഞ്ച് മണിക്കും വേനല്‍ക്കാലത്ത് അഞ്ച് മണി കഴിഞ്ഞ് അല്‍പ്പം വൈകിയും സൂര്യന്‍ അസ്തമിക്കും. രാജ്യത്ത് ആറ് മണി മുതലാണ് ജോലി ആരംഭിക്കുന്നത്. ഇതുപ്രകാരം വടുക്കുകിഴക്കന്‍ മേഖലയില്‍ നേരം പുലര്‍ന്ന് ഒരു മണിക്കൂര്‍ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുകയാണ്.
ആളുകളെ കൂടുതല്‍ ഉന്മേഷവാന്മാരാക്കാനും മനുഷ്യവിഭവ ശേഷി സംരക്ഷിക്കാനുമാണ് ഇത്തരമൊരു നീക്കമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെതാണ്.
ഉത്തര്‍ പ്രദേശിലെ അലഹബാദിലെ പ്രാദേശിക സമയം അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം.