നിതാഖാത്ത്: പദവി ശരിയാക്കാന്‍ വീണ്ടും രണ്ട് മാസത്തെ ഇളവ്

Posted on: January 3, 2014 9:16 pm | Last updated: January 4, 2014 at 7:55 pm

nithaqath

ജിദ്ദ: നിതാഖാത്തുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കാനുള്ളവര്‍ക്ക് രണ്ട് മാസംകൂടി സമയം അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. അപേക്ഷകളില്‍ മാര്‍ച്ച് ഒന്നിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനകം രേഖകള്‍ ശരിയാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നേരത്തെയുള്ള ഉത്തരവ്. എന്നാല്‍ ഇപ്പോഴും നിരവധി ആളുകളുകളുടെ രേഖകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതുണ്ട്. ഇത് പരിഗണിച്ചാണ് കൂടുതല്‍ സമയം അനുവദിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

നാല് മില്യന്‍ അനധികൃത തൊഴിലാളികള്‍ ഇളവ് കാലത്ത് രേഖകള്‍ ശരിയാക്കിയിരുന്നു. ഇനിയും രേഖകള്‍ ശരിയാക്കാത്ത ആയിരങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം.

രേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ വരെ പിഴയും ചുമത്തുന്നതടക്കമുള്ള ശിക്ഷാ നടപടികളാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നത്.