വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ അനുമതി

Posted on: January 3, 2014 5:31 pm | Last updated: January 4, 2014 at 7:55 pm

Artist_Impression_Vizhinjam
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രം അന്തിമ അനുമതി നല്‍കി. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന വിദഗ്ധ സമിതിയുടെ ശിപാര്‍ശയില്‍ കേന്ദ്ര മന്ത്രി ഒപ്പുവെച്ചതോടെ പദ്ധതിക്ക് മുന്നിലുള്ള തടസ്സങ്ങളെല്ലാം നീങ്ങി.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പാരിസ്ഥിതിക അനുമതി നല്‍കിയത്. തീരദേശ പരിപാലന അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. നാളെ കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി വിരപ്പ മൊയ്‌ലി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞ പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ച സാഹചര്യത്തില്‍ പദ്ധതിയുടെ ടെന്‍ഡന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞ പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിനും പ്രത്യേകം അനുമതി ലഭിക്കേണ്ടതുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനില്‍ റസ്ദാന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്തത്.

18,000 ടി ഇ യു കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യത്തോട് കൂടി 800 മീറ്റര്‍ നീളമുള്ള ബെര്‍ത്താണ് വിഴിഞ്ഞത്ത് ഒരുക്കുന്നത്. 500 മീറ്റര്‍ വീതിയുള്ള കണ്ടെയ്‌നര്‍ യാര്‍ഡും 3,180 മീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്രേക്ക് വാട്ടര്‍ സ്ഥലത്ത് 500 മീറ്റര്‍ ഫിഷ് ലാന്‍ഡിംഗ് ബെര്‍ത്തും 300 ക്രൂയിസ് ടെര്‍മിനലും 500 മീറ്റര്‍ നേവി ബെര്‍ത്തും 150 മീറ്റര്‍ കോസ്റ്റ് ഗാര്‍ഡ് ബെര്‍ത്തും ഉള്‍ക്കൊള്ളുന്നതാണ് തുറമുഖത്തിന്റെ ഒന്നാം ഘട്ടം.