മോഷണവും തട്ടിപ്പും: രണ്ട് പേര്‍ പിടിയില്‍

Posted on: January 3, 2014 12:35 pm | Last updated: January 3, 2014 at 12:35 pm

പെരിന്തല്‍മണ്ണ: ജില്ലയിലേയും അയല്‍ ജില്ലകളിലേയും കടകളിലും മൊബൈല്‍ ഷോപ്പുകളിലും മോഷണം നടത്തുകയും തട്ടിപ്പ് നടത്തി പണം വാങ്ങുകയും ചെയ്യുന്ന സംഘത്തിലെ രണ്ടുപേര്‍ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി.
അത്തോളി കോങ്ങനൂര്‍ അത്താണി സ്വദേശി സൈബുന്നീസ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് റാസിഖ് എന്ന റാസിഖ് (25), താമരശ്ശേരി പൂനൂര്‍ ഉണ്ണിക്കുളം സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ അസ്‌ക്കര്‍ (33) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ 2.30ന് അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബേങ്കിന് മുന്‍വശത്തു വെച്ച് പെരിന്തല്‍മണ്ണ ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി ഐ ജലീല്‍ തോട്ടത്തില്‍, എസ് ഐ ഗിരീഷ്‌കുമാര്‍ എന്നിവര്‍ നൈറ്റ് പട്രോളിംഗിനിടെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളിലായി കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ നിരവധി സ്ഥലങ്ങളിലെ മൊബൈല്‍ ഷോപ്പുകള്‍, പലചരക്കു കടകള്‍, സ്റ്റേഷനറി കടകള്‍, പച്ചക്കറി സ്റ്റാളുകള്‍, കൂള്‍ബാറുകല്‍, തുണിക്കടകള്‍ എന്നിവിടങ്ങളില്‍ കയറി കടയുടമകളുമായി ബന്ധമുള്ളവരെന്നു പരിചയപ്പെടുത്തി കടകളിലെ മാനേജര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളും വാങ്ങി മുങ്ങുകയും കൂടാതെ കടകളിലെ ജീവനക്കാരുടെ കൈവശമുള്ള വില കൂടിയ മൊബൈല്‍ ഫോണുകള്‍ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങി മോഷണം നടത്തിയതായും പ്രതികള്‍ പോലീസിനോടു പറഞ്ഞു.
മോഷണ സംഘത്തിലുള്‍പ്പെട്ട കൂട്ടുപ്രതികള്‍ മുമ്പ് കോഴിക്കോട് ജില്ലയില്‍ പോലീസ് പിടികൂടിയിട്ടുള്ളതായും ഈ സംഘം ഇത്തരത്തില്‍ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, മീനങ്ങാടി, കല്‍പ്പറ്റ, മേപ്പാടി, പനമരം, വെള്ളമുണ്ട, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, വടകര, കൊയിലാണ്ടി, അത്തോളി, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, തിരൂര്‍ക്കാട്, മങ്കട, മഞ്ചേരി, മാഹിയില അഴിയൂര്‍, എറണാകുളം ജില്ലയിലെ കലൂര്‍ എന്നിവിടങ്ങളിലെയും നിരവധി കടകളിലും മൊബൈല്‍ ഷോപ്പുകളിലും തട്ടിപ്പും മോഷണങ്ങളും നടത്തിയിട്ടുള്ളതായും അന്വേഷണ സംഘം കണ്ടെത്തി.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി.