Connect with us

Malappuram

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേങ്ങര ഒരുങ്ങി

Published

|

Last Updated

മലപ്പുറം: ഇരുപത്തിയാറാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ രണ്ട് ദിവസങ്ങള്‍ ബാക്കിയിരിക്കെ വേങ്ങരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ച് നാള്‍ നീളുന്ന കലോത്സവത്തില്‍ 16 വേദികളിലായി 9003 വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്. 295 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
വേങ്ങര ഗവ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. ജി എല്‍ പി സ്‌കൂള്‍ കുറ്റാളൂര്‍, ഇല്‍ ഇഹ്‌സാന്‍, എ എം എല്‍ പി എസ് കുറ്റാളൂര്‍, വ്യാപാര ഭവന്‍ ഓഡിറ്റോറിയം വേങ്ങര എന്നിവിടങ്ങളിലും തൊട്ടടുത്ത ഗ്രൗണ്ടുകളിലുമാണ് മറ്റ് വേദികള്‍. അരക്കിലോമീറ്റര്‍ പരിധിയിലാണ് വേദികളെല്ലാം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും. 5ന് വൈകുന്നേരം മൂന്ന് മണിക്ക് വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമാകുക. വിവിധ സ്‌കൂളുകള്‍, ക്ലബുകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ ഫ്‌ളോട്ടുകളും കലാപ്രകടനങ്ങളും ഘോഷയാത്രക്ക് മാറ്റ് കൂട്ടും. അഞ്ച് മണിക്ക് വ്യവസായ, ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളെ പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ആദരിക്കും. ഉദ്ഘാടന ശേഷം പ്രധാന വേദിയില്‍ കഥകളി മത്സരങ്ങള്‍ക്ക് തുടക്കമാകും. രചനാ മത്സരങ്ങള്‍ ആറിന് രാവിലെ 9.30മുതല്‍ വേങ്ങര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്റ്റേജിന മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിച്ച് രാത്രി 10 മണിക്കകം അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേങ്ങര പോലീസ് സ്റ്റേഷന്‍ മുതല്‍ മുതല്‍ കൂറ്റാളൂര്‍ വരെ വാഹന പാര്‍ക്കിംഗും തെരുവ് കച്ചവടവും നിരോധിച്ചിട്ടുണ്ട്.
സ്റ്റേഷന്‍ പരിസരത്തുള്ള മണല്‍ വാഹനങ്ങള്‍ വേങ്ങര എസ് ഐയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാന വേദിക്ക് സമീപം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ഡി ഡി ഇ കെ സി ഗോപി, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ പി ജല്‍സീമിയ, ജി വി എച്ച് എസ് എസ് പ്രധാനധ്യാപകന്‍ കെ വീരാന്‍കുട്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ എം അബ്ദുല്ല, പബ്ലിസിറ്റി കണ്‍വീനര്‍ കെ ഹംസ പങ്കെടുത്തു.

Latest