സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

Posted on: January 3, 2014 12:26 pm | Last updated: January 3, 2014 at 12:26 pm

പരപ്പനങ്ങാടി: സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. നെടുവ ഹൈസ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥിയും അങ്ങാടി സ്വദേശി ഹാജിയാരകത്ത് അഷ്‌റഫിന്റെ മകനുമായ ഉവൈസി(12)നാണ് വീണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ മറ്റു കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് വീണ് പരുക്കേറ്റത്. കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയുടെ മുകളിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകരും പി ടി എ അംഗങ്ങളും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ ഈ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കളിസ്ഥലമില്ലാത്തതാണ് അപകടത്തിലേക്ക് വഴി വെച്ചതെന്നും സ്‌കൂളിന് കളിസ്ഥലം എന്ന ആവശ്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.