പുതിയ തലമുറ രാജ്യത്തെ നയിക്കുമെന്ന് മന്‍മോഹന്‍സിംഗ്

Posted on: January 3, 2014 11:21 am | Last updated: January 3, 2014 at 5:37 pm

Manmohan_Singh_671088f

ന്യൂഡല്‍ഹി: പ്രധാനമന്ത്രിപദത്തിലേക്ക് മൂന്നാമൂഴവും ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തന്റെ വാര്‍ത്താസമ്മേളനം തുടങ്ങി. രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കി ഉചിതമായ സമത്ത് പ്രഖ്യാപിക്കും. രാഹുല്‍ പ്രാപ്തനായ നേതാവാണ്. പുതിയൊരു തലമുറ രാജ്യത്തെ നയിക്കും. തെരെഞ്ഞെടുപ്പിന് ശേഷം പുതിയ പ്രധാനമന്ത്രി വരും. താന്‍ മറ്റൊരാള്‍ക്ക് ബാറ്റണ്‍ തകൈമാറും. ഇപ്പോള്‍ രാജിയില്ല. പാര്‍ട്ടി തന്നോട് ഇതുവരെ രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ ഒരു സമയത്തുപോലും രാജിവെക്കണമെന്ന് തോന്നിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടില്ല. അടുത്തിടെയുണ്ടായ ചില പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണ്. അത് പരിഹരിച്ച് ബന്ധം കൂടുതല്‍ ശക്തമാക്കും. ഇന്ത്യ അമേരിക്ക ആണവ കരാറാണ് തന്റെ ഏറ്റവും വലിയ നേട്ടം. മാധ്യമങ്ങള്‍ തന്നോട് കരുണ കാണിക്കുന്നതിനേക്കാള്‍ ചരിത്രം തന്നോട് കരുണ കാണിക്കും.

മോഡി പ്രധാനമന്ത്രിയായി രാജ്യത്തിന്റെ അധികാരസ്ഥാനത്ത് വന്നാല്‍ അത് വന്‍ ദുരന്തമായിരിക്കും. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതല്ല ശക്തമായ നേതൃത്വമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമതീരുമായിട്ടില്ല. ഇക്കാര്യത്തില്‍ വിവിധതലങ്ങളില്‍ ചര്‍ച്ച നടന്നുവരുന്നതേയുള്ളൂ. സബ്‌സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിച്ചെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു. പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും. രാജ്യം സാമ്പത്തിക വളര്‍ച്ചയിലാണ്. സാമ്പത്തിക നടപടികള്‍ ഫലം കാണുന്നു. ആഗോള സാമ്പത്തിക തളര്‍ച്ച ഇന്ത്യക്ക് ആഘാതമുണ്ടാക്കി. എന്നാല്‍ രാജ്യം അതില്‍ നിന്ന് കരകയറുകയാണിപ്പോള്‍. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം പരിഷ്‌കരിച്ചു. രാജ്യത്തെ ഗ്രാമീണന് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചു. ജനാധിപത്യം കരുത്താര്‍ജ്ജിച്ച വര്‍ഷമാണ് കടന്നുപോയത്.