ഭരണാധികാരികള്‍ മാതൃക കാണിക്കണം: പേരോട്

Posted on: January 3, 2014 12:06 am | Last updated: January 3, 2014 at 12:06 am

perodeതൊടുപുഴ: ജനപക്ഷ ഭരണരീതിയിലൂടെ മാത്രമേ രാജ്യത്ത് സമൃദ്ധി കൈവരികയുള്ളുവെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. അഴിമതി, സ്വജന പക്ഷപാതം എന്നിവയിലൂടെ ജനവിരുദ്ധ ഭരണം നടത്തിയവര്‍ എക്കാലത്തും ജനകോടതിയില്‍ വിചാരണ നേരിട്ടിട്ടുണ്ട്.
പൊതുമുതലിന്റെ സൂക്ഷിപ്പുകാരായ ഭരണാധികാരികള്‍ അഴിമതിമുക്തവും മാതൃകാപരവുമായ ഭരണം കാഴ്ചവെക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ് നബി(സ) സമര്‍പ്പിച്ച മാതൃകാ ഭരണസംവിധാനം ഇതിന് ഉത്തമ മാതൃകയായിരുന്നു. തൊടുപുഴ മങ്ങാട്ടുകവലയില്‍ നടന്ന എസ് എസ് എഫ് മീലാദ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു. പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം സഖാഫി, ഹംസല്‍ ഫൈസി, എം അബ്ദുല്‍ മജീദ് സംസാരിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും സുബൈര്‍ അഹ്‌സനി നന്ദിയും പറഞ്ഞു. ‘തിരുനബിയുടെ സ്‌നേഹപരിസരം’ എന്ന ശീര്‍ഷകത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ഡിവിഷന്‍ മീലാദ് സമ്മേളനം, ഡിവിഷന്‍ സന്ദേശ ജാഥ, മീലാദ് വിളംബര റാലി തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.