അഴിമതിക്കാര്‍ക്ക് ചൂട്ട് പിടിക്കരുത്

Posted on: January 3, 2014 6:00 am | Last updated: January 2, 2014 at 10:29 pm

അഴിമതി കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് കേരള ജനത. ഉന്നത ഭരണ തലം മുതല്‍ താഴേ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വരെ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. സംശുദ്ധ കരത്തിന്റെ ഉടമടയായി അറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന നിലവിലെ യു ഡി എഫ് സര്‍ക്കാറില്‍ നിന്ന് അഴിമതിക്കെതിരെ പ്രത്യാശാജനകമായ എന്തെങ്കിലും നീക്കങ്ങളുണ്ടാകുമെന്നാണ് പതീക്ഷിച്ചിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചൂട്ടുപിടിക്കുകയുമാണോ എന്ന് സന്ദേഹിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കയുമാണ്.
പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ്സ് അറിയിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ 2011 ജൂണ്‍ 17ലെ ഉത്തരവ് സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിച്ച വിവരം പുറത്തു വന്നത് അടുത്ത ദിവസമാണ്. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലും അതിന് മുകളിലുമുള്ള സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളയിനത്തിലും ഇതര മാര്‍ഗേനയും ലഭിക്കുന്ന മൊത്തം വാര്‍ഷിക വരുമാനത്തിന്റെ വിവരങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും മേധാവികള്‍ക്ക് സമര്‍പ്പിക്കണമെന്നായിരുന്നു അന്നത്തെ ഡി ജി പിയായിരുന്ന ജേക്കബ് പുന്നൂസ് ഇറക്കിയ ഉത്തരവിലെ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും അനധികൃതമായി വന്‍തോതില്‍ സ്വത്ത് സമ്പാദിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, അതിന് തടയിടുകയായിരുന്നു ഉത്തരവിന്റെ ലക്ഷ്യം. നിയമങ്ങള്‍ നടപ്പാക്കാനും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ബാധ്യസ്ഥരായ വിഭാഗമെന്ന നിലയില്‍ പൊലീസ് സേനാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും നിയമാനുസൃതവും സുതാര്യവുമായിരിക്കേണ്ടതാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതടിസ്ഥാനത്തില്‍ ഉദ്യേഗസ്ഥരില്‍ പലരും വിവരങ്ങള്‍ നല്‍കിയെങ്കിലും നല്‍കാത്തവരും ധാരാളമുണ്ട്. ഇവരുടെ പേരുകള്‍ വിവരാവകാശ നിയമ പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ടോമിന്‍ ജെ തങ്കച്ചരി അവരില്‍ ഉള്‍പ്പെടുന്നുവെന്നറിഞ്ഞതോടെയാണ് 2011 ജൂണ്‍ 17ലെ ഉത്തരവ് ദുര്‍ബലപ്പെടുത്തി, വരുമാന സ്രോതസ്സ് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് കാണിക്കുന്ന പുതിയൊരു ഉത്തരവ് 2013 മെയ് 31ന് പുറത്തിറങ്ങുന്നത്. വിവാദം ഭയന്നു സര്‍ക്കാര്‍ മറച്ചു വെച്ച പുതിയ ഉത്തരവിന്റെ കാര്യം വിവരാവകാശ നിയമ പ്രകാരം അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷയിലാണ് വെളിച്ചത്തു വന്നത്.
ടോമിന്‍ ജെ തച്ചങ്കരിക്ക് വേണ്ടിയാണ് പഴയ ഉത്തരവ് ദുര്‍ബലപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നവരുണ്ട്. 2003 മുതല്‍ 2007 വരെ ഐ ജിയായിരുന്ന കാലയളവില്‍ 66 ലക്ഷം രൂപയുടെ സ്വത്ത് തച്ചങ്കരി അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി. പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ശമ്പളം, കൃഷിയില്‍ നിന്നുള്ള വരുമാനം, ബന്ധുക്കള്‍ സമ്മാനമായി നല്‍കിയവ സ്വന്തം സ്ഥാപനങ്ങളില്‍ നിന്നുള്ള വാടക എന്നിവക്ക് പുറമെ ഇത്രയും വലിയ അനധികൃത സമ്പാദ്യമുള്ളതായി വ്യക്തമായത്. അനുമതിയില്ലാതെ വിദേശ യാത്ര, വിദേശ യത്രക്കിടെ തീവ്രവാദമുള്ളവരുമായി ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനും വിധേയമായ തച്ചങ്കരിയെ സംരക്ഷിക്കുന്നതില്‍ ഭരണത്തിലെ ചില ഉന്നതര്‍ അമിത താത്പര്യം കാണിക്കുന്നതായി വിമര്‍ശമുയര്‍ന്നിരുന്നതാണ്. ചട്ടം ലംഘിച്ചു വിദേശയാത്ര നടത്തിയ കേസില്‍ ശിക്ഷ നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കഴിഞ്ഞ ഒക്‌ടോബറില്‍ തച്ചങ്കരിയെ പോലീസിലെ ഏറ്റവും ഉന്നത തസ്തികയില്‍ വീണ്ടും നിയമിച്ചത് ഈ സംരക്ഷണത്തിന് മതിയായ തെളിവാണ്. യു ഡി എഫിലെ തന്നെ പല നേതാക്കളും ഇതിനെ ചോദ്യം ചെയ്യുകയുമുണ്ടായി.
പോലീസുള്‍പ്പെടെ മുഴുവന്‍ വകുപ്പിലെയും ഉദ്യോഗസ്ഥരില്‍ ധാരാളം പേര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവരാണെന്നത് പരസ്യമായ രഹസ്യമാണ്. പോലീസുകാര്‍ കൈക്കൂലി വാങ്ങിയാല്‍ 7 വര്‍ഷം തടവു ശിക്ഷയും പോലീസ് സേനയുടെ മൊത്തത്തിലുള്ള നിരീക്ഷണത്തിന് സംസ്ഥാന സുരക്ഷാ കമ്മീഷന്‍ രൂപവത്കരണവും വ്യവസ്ഥപ്പെടുത്തിക്കൊണ്ടുള്ള നിയമമുള്‍പ്പെടെ ഉദ്യോഗസ്ഥരുടെ അഴിമതി തടയാന്‍ നിയമനിര്‍മാണങ്ങള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ഏട്ടിലെ പശുവായി അവശേഷിക്കുകയാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം അറിയിക്കണമെന്ന ഉത്തരവും ദുര്‍ബലപ്പെടുത്തിയതോടെ സര്‍ക്കാറിന്റെ അഴിമതിരഹിത ഭരണമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം കൂടുതല്‍ ബോധ്യപ്പെട്ടിരിക്കയാണ്.