Connect with us

Articles

കെട്ടിട നമ്പര്‍ സംവിധാനത്തില്‍ മാറ്റം അനിവാര്യം

Published

|

Last Updated

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഇനിയുമുണ്ടെന്നും ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥന്മാരില്‍ നിന്നും നിര്‍ദേശം ലഭിക്കുന്ന മുറക്ക് അവയില്‍ മാറ്റം വരുത്താമെന്നും മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് പറയുകയുണ്ടായി.
കേരളത്തിലെ കെട്ടിട നമ്പര്‍ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ളതും ഏറെ ഗൗരവമേറിയതുമായ വിഷയങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പതിയാന്‍ വേണ്ടിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേരളത്തിലെ കെട്ടിടങ്ങളില്‍ പതിച്ചിരിക്കുന്ന വ്യത്യസ്ത വര്‍ഷങ്ങളിലെ കെട്ടിട നമ്പറുകള്‍ കാരണം കെട്ടിട ഉടമകളും കെട്ടിട കൈവശക്കാരും ഇന്ന് വളരെയേറെ ഉത്കണ്ഠാകുലരാണ്. 1995, 2000, 2005, 2010 വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ഡ് വിഭജനം നടത്തുകയും വ്യത്യസ്ത വര്‍ഷങ്ങളില്‍ വ്യത്യസ്ത/ കെട്ടിട നമ്പറുകള്‍ പതിക്കുകയും ചെയ്തു. അത് പ്രകാരം നിലവിലുള്ള ഏറ്റവും പുതിയ നമ്പറായ 2010ലെ കെട്ടിട നമ്പറുകളുമായി വിവിധ സേവനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുകളെ സമീപിച്ചാല്‍ അവിടെ നിന്നും ഇപ്പോഴും ലഭിച്ചുവരുന്നത് 1995ലെ വാര്‍ഡ്/കെട്ടിട നമ്പറുകള്‍ പ്രകാരമുള്ള സേവനങ്ങളാണ്. പഴയ വാര്‍ഡുകളെ റവന്യൂ വാര്‍ഡുകളെന്നും പുതിയ വാര്‍ഡുകളെ ഇലക്ടറല്‍ വാര്‍ഡുകളെന്നും വേര്‍തിരിച്ച് കാണുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണ്. അത് മാത്രമല്ല 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും വാര്‍ഡ്/കെട്ടിട നമ്പറുകളില്‍ കാര്യമായ മാറ്റം വരികയും ചെയ്യും.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ വാര്‍ഡ്/കെട്ടിട നമ്പര്‍ പരിഷ്‌കരണം കാരണം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ കെട്ടിടനമ്പര്‍ അനുവദിക്കുന്ന ഇപ്പോഴത്തെ ചട്ടങ്ങളിലും നിയമങ്ങളിലും കാതലായ മാറ്റം വരുത്തണം.
കാലാകാലങ്ങളായി ഉണ്ടാകുന്ന ഈ കെട്ടിട നമ്പര്‍ മാറ്റം നിര്‍ത്തലാക്കി, കെട്ടിടങ്ങള്‍ക്ക് ഒരു സ്ഥിരം നമ്പര്‍ അനുവദിക്കേണ്ടതാണ്. ഒരു കെട്ടിടത്തിന് ഒരു നമ്പര്‍ അനുവദിച്ചുകഴിഞ്ഞാല്‍ ആ കെട്ടിടം നിലനില്‍ക്കുന്ന കാലം വരെ മറ്റൊരു നമ്പറും ആ കെട്ടിടത്തിന് അനുവദിക്കരുത്. വേണമെങ്കില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വാസഗൃഹങ്ങള്‍ക്ക് മാത്രമായി താത്കാലിക നമ്പറുകള്‍ അനുവദിക്കാവുന്നതാണ്.
നിലവിലെ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള നമ്പര്‍ അനുവദിക്കല്‍ നിര്‍ത്തലാക്കി അത് പഞ്ചായത്ത് അടിസ്ഥാനത്തിലാക്കി മാറ്റണം. അതായത് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നമ്പര്‍ ഒന്നാണെങ്കില്‍ അതിനെ 11 71 00001 എന്ന രീതിയില്‍ ക്രമീകരിക്കാം. ഇതിനെ കോഴിക്കോട് (11) ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ (71) ഒന്നാമത്തെ (00001) കെട്ടിടം എന്ന് പറയാം. പഞ്ചായത്ത് ഗൈഡില്‍ പെരുമണ്ണ പഞ്ചായത്തിന്റെ കോഡ് 71 എന്നാണ്. അതുപോലെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒന്നാമത്തെ കെട്ടിടത്തിന് 01 01 00001 എന്നും കാസര്‍കോട് ജില്ലയിലെ വലിയപറമ്പ പഞ്ചായത്തിലെ 1000-ാം നമ്പര്‍ കെട്ടിടത്തിന് 14 38 01000 എന്നും രീതിയില്‍ ക്രമീകരിക്കാം. പാറശ്ശാല പഞ്ചായത്തിലെ കോഡ് തിരുവനന്തപുരം ജില്ലയിലെ ഒന്നും വലിയപറമ്പ പഞ്ചായത്തിന്റെ കോഡ് കാസര്‍കോട് ജില്ലയിലെ 38ഉം ആകുന്നു.
കേരളത്തിലെ കെട്ടിട നമ്പറുകള്‍ ഈ രീതിയില്‍ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് മാറ്റിയാല്‍ ഏത് പഞ്ചായത്തിലെ കെട്ടിട നികുതികളും ഏത് പഞ്ചായത്തിലും അടക്കാവുന്നതുമാണ്. ഇത്തരം ഒരു ഹൈടെക് സംവിധാനത്തിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മാറുകയാണെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദവും അതിലേറെ ആശ്വാസപ്രദവുമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വൈദ്യുതി ബില്‍ ഏത് ഓഫീസിലും അടക്കാനുള്ള വൈദ്യുതി വകുപ്പ് നടപ്പാക്കിയ “ഒരുമ”യെന്ന നെറ്റ് സംവിധാനത്തിന്റെ പാത തദ്ദേശ സ്വയംഭരണ വകുപ്പും പിന്തുടരേണ്ടതുണ്ട്.
അതുപോലെ വൈദ്യുതി ഓഫീസുകളില്‍ വൈദ്യുതി ചാര്‍ജ് സ്വീകരിക്കുന്നത് കാലത്ത് എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ്. വളരെ തിരക്ക് അനുഭവപ്പെടുന്ന ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെങ്കിലും സാധാരണ രീതിയിലുള്ള അപേക്ഷകളും കെട്ടിട നികുതികളും സ്വീകരിക്കുന്ന സമയം കാലത്ത് എട്ട് മുതല്‍ വൈകീട്ട് ആറ് വരെയായി ക്രമീകരിച്ചാല്‍ അത് ജോലിക്കും മറ്റും പോകുന്ന സാധാരണക്കാര്‍ക്ക് വളരെ ഗുണകരമായിരിക്കും.
കേരളത്തിലെ ഗ്രാമപഞ്ചായത്ത് സംവിധാനം മേല്‍പ്പറഞ്ഞ രീതിയിലേക്ക് മാറ്റേണ്ട ആവശ്യത്തിലേക്കായി പഞ്ചായത്ത് ചട്ടങ്ങളിലും നിയമങ്ങളിലും ശക്തവും നൂതനവുമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നാണ് ആധുനിക കേരളീയ സമൂഹം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.