Connect with us

International

ഇറാന്‍ ആണവ കരാര്‍ ഈ മാസം പ്രാബല്യത്തില്‍

Published

|

Last Updated

ടെഹ്‌റാന്‍: യു എസ് നേതൃത്വത്തില്‍ നടക്കുന്ന ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചകളുടെ ഭാഗമായി ഇടക്കാല കരാര്‍ ഈ മാസം തന്നെ പ്രാബല്യത്തില്‍ വരും. ഈ മാസം 20 ന് കരാര്‍ പ്രബല്യത്തില്‍ വരുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇടക്കാല കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറാനെതിരെയുള്ള ഉപരോധം ആറ് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ധാരണയായിരുന്നു. കരാറുകളിലൊന്നാണ് ഈ മാസം 20 ന് പ്രാബല്യത്തില്‍ വരികയെന്ന് ഹാമിദ് ബഈദ് നജാദിനെ ഉദ്ധരിച്ച് ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു,
ബഈദ്ജാദാണ് ഇറാന്‍ ആണവ ചര്‍ച്ച സംഘത്തെ നയിക്കുന്നത്. ജനുവരി അവസാന വാരത്തില്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന രാജ്യങ്ങളുമായാണ് കരാര്‍ ഉണ്ടാക്കിയത്.
ജനീവ ചര്‍ച്ചയില്‍ ഇവരാണ് പങ്കെടുത്തത്. നവംബര്‍ 24 ന് കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ഇതിലാണ് തീയതി സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇറാന്റെ ആണവ പദ്ധതികള്‍ ആറ് മാസത്തേക്ക് മരവിപ്പിക്കണമെന്നാണ് ഇടക്കാല കരാര്‍. അതിന് പകരമായി ആറ് മാസത്തേക്ക് ഉപരോധം നീക്കും. രണ്ടാം ഘട്ട കരാറോടെ ഉപരോധം പൂര്‍ണമായി പിന്‍വലിക്കും. ഇറാന്റെ ആണവ പദ്ധതികളില്‍ സുതാര്യത വരുത്താനും ഇറാന്‍ നിര്‍ബന്ധിതമാകും.
ഇറാന്‍ ആണവ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഇറാന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് മൂന്ന് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്നും അത് രാഷ്ട്രീയ തലത്തില്‍ പരിഹരിക്കണമെന്നും ബഈദ് നജാദ് പറഞ്ഞു.
ഇറാന്‍ ആണവ കാരാറിനെതിരെ ഇസ്‌റാഈല്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ പേടിക്കേണ്ടതില്ലെന്ന മറുപടിയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും, വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും അറിയിച്ചത്.
ഇറാന്‍ ആണവ പദ്ധതി ഉപയോഗിച്ച് ആണവ ബോംബുണ്ടാക്കുന്നുവെന്നാണ് ഇസ്‌റാഈല്‍ ആരോപിക്കുന്നത്. ഇറാന്‍ ആണവ പദ്ധതികള്‍ സുതാര്യമല്ലെന്നും സൈനിക ആവശ്യത്തിനാണ് ആണവ പ്ലാന്റുകള്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ ഇതിനെ ഇറാന്‍ ശക്തമായി നിഷേധിച്ചു.

Latest