Connect with us

National

പുതുവത്സര ദിനത്തില്‍ എ എ പിക്ക് 41 ലക്ഷം ലഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ മാത്രം ആം ആദ്മി പാര്‍ട്ടി (എ എ പി)ക്ക് ലഭിച്ച സംഭാവന 41 ലക്ഷം രൂപ. 2476 പേരാണ് ഇത്രയും രൂപ നല്‍കിയത്. കഴിഞ്ഞ മാസം 12ാം തീയതി വീണ്ടും ആരംഭിച്ച സംഭാവന ശേഖരണത്തില്‍ ഇതുവരെ 3.72 കോടി രൂപ ലഭിച്ചു. ദിവസം ശരാശരി 17.5 ലക്ഷം രൂപയാണ് ലഭിക്കുന്നത്. പാര്‍ട്ടിയുടെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് പൂര്‍ണമനസ്സോടെ സംഭാവന നല്‍കാന്‍ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തിരുന്നു.
നേരത്തെ പ്രഖ്യാപിത തുകയായ 20 കോടി രൂപ ലഭിച്ചതിനാലാണ് സംഭാവന സ്വീകരിക്കല്‍ നവംബര്‍ 17ന് എ എ പി താത്കാലികമായി അവസാനിപ്പിച്ചത്. 71616 പേരില്‍ നിന്നാണ് ഇത്രയും തുക ലഭിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് 18.25 കോടി രൂപ ചെലവഴിച്ചു. കൂടുതല്‍ സംഭാവനകളും ഇന്ത്യയില്‍ നിന്നാണ് ലഭിച്ചത്. അമേരിക്ക, യു എ ഇ, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കനത്ത സംഭാവന ലഭിച്ചിട്ടുണ്ട്. പുതുവത്സരവുമായി ബന്ധപ്പെട്ട് 2014 രൂപ സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ വഴി പ്രചാരണം നടത്തിയിരുന്നു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്തവര്‍ക്ക് സംഭാവന നല്‍കണമെന്ന് കാണിച്ച് എ എ പി ഇ മെയിലുകള്‍ അയക്കുന്നുണ്ട്. 1500 പേര്‍ 2014 രൂപ വീതം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ അത്ഭുത വിജയം നേടിയതിന് ശേഷം നാല് ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. കെജ്‌രിവാളിനെ ട്വിറ്ററില്‍ പത്ത് ലക്ഷം പേരാണ് പിന്തുടരുന്നത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഹര്‍ഷ് വര്‍ധനെ 32000 പേരേ പിന്തുടരുന്നുള്ളൂ. എ എ പിയുടെ ഫേസ്ബുക്ക് പേജ് പത്ത് ലക്ഷം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

Latest