Connect with us

National

ബീഹാറില്‍ സഖ്യത്തിന് ലാലു; കാത്തിരിക്കാന്‍ കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് സമ്മര്‍ദം ചെലുത്തുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ലാലുപ്രസാദ് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിലെ സഖ്യകക്ഷികളുമായുള്ള ചര്‍ച്ച വരെ കാത്തിരിക്കണമെന്ന് സോണിയ ലാലുവിനോട് വ്യക്തമാക്കി. ലാലുപ്രസാദ് മുന്നോട്ടുവെച്ച മതേതരത്വ സഖ്യത്തിന് കോണ്‍ഗ്രസിന് പുറമെ, ലോക്ജനശക്തി പാര്‍ട്ടി (എല്‍ ജി പി), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍ സി പി) എന്നിവയുടെ പിന്തുണ കൂടി ലഭിക്കും.
വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്നും ഇവരുടെ തിന്‍മകള്‍ക്കെതിരെ പോരാടാന്‍ രാജ്യത്തെ മതേതരത്വ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് ലാലു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുംഭകോണ കേസില്‍ ഉള്‍പ്പെട്ട ആര്‍ ജെ ഡി നേതാവുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. ലാലുവിനെ ഒഴിവാക്കി ജനതാദള്‍ യുനൈറ്റഡുമായി സഖ്യത്തിലേര്‍പ്പെടാനും കോണ്‍ഗ്രസിന് ധാരണയുണ്ട്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ലാലു ജയിലില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് ഉപാധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുമുള്ള രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ വിസമ്മതിച്ച ലാലുപ്രസാദ് യാദവ്, സീറ്റുകളുടെ എണ്ണത്തിലല്ല കാര്യമെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ മതേതരത്വ ശക്തികളുടെ കൂട്ടായ്മയാണ് നിലവില്‍ ആവശ്യമെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജനസ്വാധീനം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, അഴിമതിയെ തുടര്‍ന്ന് കേസില്‍ കുടുങ്ങിയ ലാലുവുമായി സഖ്യത്തിന് മുതിരുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നത്.

Latest