Connect with us

Kerala

ശരീഅത്ത് വിരുദ്ധ നീക്കം സര്‍ക്കാര്‍ എതിര്‍ക്കും

Published

|

Last Updated

തിരുവനന്തപുരം: ശരീഅത്ത് നിയമം ചോദ്യം ചെയ്ത് മുസ്‌ലിം വിഭാഗത്തില്‍ തുല്ല്യസ്വത്താവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കും. മുസ്‌ലിം വ്യക്തി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി സമര്‍പ്പിച്ച ഹരജിയിലും സമാനനിലപാടാകും സ്വീകരിക്കുക. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പൊതുവികാരമായി ഈ ആവശ്യം ഉയര്‍ന്നു. അതേസമയം, വഖഫ് ആക്ടിലെ ഭേദഗതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിവിധ സംഘടനകള്‍ വ്യത്യസ്ഥ നിലപാടാണ് സ്വീകരിച്ചത്. വഖഫ് നിയമം, ന്യൂനപക്ഷ ക്ഷേമപദ്ധികള്‍, വിവിധ കോടതികളിലെ കേസുകള്‍, ഇതില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ അടക്കമുള്ള വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിംസംഘടനകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്കും പുരുഷനും തുല്ല്യ സ്വത്താവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി രൂപം നല്‍കിയ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശരീഅത്ത് വിരുദ്ധമായ ഈ നിലപാട് സ്വീകാര്യമല്ലെന്ന് മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടി.
വഖഫ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. വഖഫ് ബോര്‍ഡില്‍ വനിതാപ്രാതിനിധ്യം വേണമെന്ന നിര്‍ദേശത്തില്‍ വ്യത്യസ്ഥ നിലപാടാണ് യോഗത്തിലുണ്ടായത്. വഖഫ് ഭൂമി കൈമാറല്‍, ലീസ്, വഖഫ് ഭൂമിയിലെ നിര്‍മ്മാണം തുടങ്ങിയവയിലെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ആക്ട് മുന്നോട്ടുവെക്കുന്നുണ്ട്.
സ്വാശ്രയ കോളജുകള്‍ക്ക് യു ജി സി ഗ്രാന്റ് ലഭിക്കാന്‍ പെര്‍മനന്റ് അഫിലിയേഷന്‍ വേണമെന്നിരിക്കെ ഇത് നല്‍കുന്നതിന് പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന മാനദണ്ഡം ഒഴിവാക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.

Latest