ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം ഉദ്ഘാടനം 14ന്

Posted on: January 2, 2014 5:32 pm | Last updated: January 2, 2014 at 5:32 pm

അല്‍ ഐന്‍: ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 14ന് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഐ പി എല്‍) ടീമായ മാഞ്ചസ്റ്റര്‍ സിറ്റി അല്‍ ഐന്‍ ടീമുമായി സ്റ്റേഡിയത്തില്‍ നടത്തുന്ന സൗഹൃദ മത്സരത്തോടെയാണ് സ്‌റ്റേഡിയത്തിന്റെ കെങ്കേമമായ ഉദ്ഘാടനം നടക്കുക. യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാഞ്ചസ്റ്റര്‍ സൗഹൃദ മത്സരത്തിന് ഇറങ്ങാന്‍ തയാറെടുക്കുന്നത്. കഴിഞ്ഞ ഐ പി എല്‍ മത്സരത്തില്‍ ജേതാക്കളായ ആര്‍സനലിനോട് ഒരൊറ്റ പോയന്റിന്റെ വ്യത്യാസത്തിലായിരുന്നു മാഞ്ചസ്റ്റര്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.

രാജ്യത്തെ ഫുട്‌ബോള്‍ താരങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാനായി നടത്തുന്ന 14 ക്ലബുകള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് ലീഗില്‍ അല്‍ ഐന്‍ ടീം കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു. സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങള്‍ ലോകോത്തര നിലവാരമുള്ളവയാണെന്ന് അല്‍ ഐന്‍ ക്ലബ്ബ് ക്യാപ്റ്റന്‍ ഹിലാല്‍ സയീദ് അഭിപ്രായപ്പെട്ടു. ടീമിനെ പരിപോഷിപ്പിക്കുന്നതില്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം നിര്‍ണായകമാവും.

രാജ്യത്തിന്റെയും ഞങ്ങളുടെയും അഭിമാനമാണ് ഈ സ്റ്റേഡിയം. അല്‍ ഐന്‍ എഫ് സി ബോര്‍ഡ് ഓഫ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നഹ്‌യാനും സ്റ്റേഡിയത്തിലെ സൗകര്യങ്ങളെ പ്രകീര്‍ത്തിച്ചു. ലോകോത്തര നിലവാരത്തിലാണ് ജീമി സ്റ്റേഡിയം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അത്യാധുനിക മതൃകയും നൂതനമായ സാങ്കേതികവിദ്യയുമെല്ലാം രാജ്യത്തിന്റെ ഫുട്‌ബോളിനോടുള്ള അമിതമായ താല്‍പര്യമാണ് പ്രകടമാക്കുന്നത്. ഫുട്‌ബോളിന്റെ ഭാവിയിലേക്കുള്ള വീക്ഷണത്തേയും സ്‌റ്റേഡിയം പ്രതിനിധീകരിക്കുന്നതായും ശൈഖ് അബ്ദുല്ല പറഞ്ഞു.

മൊത്തത്തില്‍ അഞ്ചു ലക്ഷം ചതുരശ്ര മീറ്ററുള്ള പദ്ധതിയില്‍ സ്റ്റേഡിയത്തിനൊപ്പം പാര്‍പ്പിട വാണിജ്യ സമുച്ഛയം, വിനോദ കേന്ദ്രങ്ങള്‍, ആഡംബര ഹോട്ടല്‍ കായിക പരിപാടികള്‍ക്കൊപ്പം സാമുഹികമായ പരിപാടികള്‍ക്കുള്ള സൗകര്യം എന്നിവയും ഉള്‍പ്പെടും. കഫേകളും റസ്റ്ററന്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 മാസം കൊണ്ടാണ് റിക്കാര്‍ഡ് വേഗത്തില്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. അല്‍ ഐന്‍ ഫുട്‌ബോള്‍ ക്ലബിന്റെ മുഖ്യ പരിശീലന കേന്ദ്രമായി ഇത് മാറുമെന്നാണ് കരുതുന്നത്. രാജ്യത്തെ കായിക രംഗത്തിന് സ്റ്റേഡിയം കനത്ത മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഐന്‍ ക്ലബ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മസ്‌റൂയി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

45,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സ്റ്റേഡിയം പൂര്‍ത്തിയാക്കിയത്. 25,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തിനാവും. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുവേണ്ടുന്ന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.