മട്ടന്നൂരില്‍ വീടിനു നേരെ ബോംബേറ്; ക്ഷേത്ര ചുവര് പെയിന്റടിച്ച് വികൃതമാക്കി

Posted on: January 2, 2014 7:50 am | Last updated: January 2, 2014 at 7:50 am

മട്ടന്നൂര്‍: പുതുവര്‍ഷ രാത്രിയില്‍ മട്ടന്നൂര്‍ മേഖലയില്‍ മൂന്ന് സ്ഥലത്ത് അക്രമം. പഴശ്ശി വില്ലേജ് ഓഫിസിനടുത്ത് താമസിക്കുന്ന കുനിയില്‍ സെയ്ത് തങ്ങളുടെ വീടിന് നേരെ ഒരു സംഘം രാത്രി ബോംബെറിഞ്ഞു. വീട്ട് മുറ്റത്തുണ്ടായിരുന്ന അരഡസനോളം ചെടിച്ചട്ടികള്‍ തകര്‍ന്നു. മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
പരിയാരം ചിറക്കാടിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ശരത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ജനല്‍ വാതിലുകള്‍ തകര്‍ന്നു. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ മറിച്ചിട്ട നിലയിലായിരുന്നു. സമീപത്തെ ആര്‍ എസ് എസ് ക്ലബ്ബിന് നേരെയും അക്രമമുണ്ടായി. ക്ലബ്ബിന്റെ വാതില്‍ തകര്‍ക്കുകയും കസേരകള്‍ നശിപ്പിക്കുകയും ചെയ്തു. ബി ജെ പി പ്രവര്‍ത്തകന്‍ സായൂജിന്റെ ബൈക്ക് സമീപത്തെ കുളത്തില്‍ വലിച്ചെറിഞ്ഞു. പാലയോട് വളയാലില്‍ സ്ഥാപിച്ച സി പി എം, ഡി വൈ എഫ് ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു. പതാകകള്‍ റോഡില്‍ നശപിപ്പിച്ച നിലയിലാണ്.
മട്ടന്നൂര്‍ കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചുവരില്‍ പെയിന്റടിച്ച് വികൃതമാക്കി. വഴിപാട് കൗണ്ടറിലും വാതിലിലും പെയിന്റടിച്ചു. ശ്രീകോവിലിന് മുന്‍വശത്തെ ദീപസ്തംഭത്തില്‍ വെള്ളം ഒഴിക്കുകയും ടോയിലറ്റിലെ ട്യൂബ് ലൈറ്റ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തിന് പൂജാരി ക്ഷേത്രം അടച്ച് പോയതിന് ശേഷമായിരുന്നു ക്ഷേത്രത്തിന് നേരെ അക്രമമുണ്ടായതെന്ന് കരുതുന്നു. ചൊവ്വാഴ് വൈകുന്നേരം ഭക്ത ജനങ്ങള്‍ എത്തിയപ്പോഴാണ് പെയിന്റടിച്ചത് കണ്ടത്. ഇരിട്ടി സി ഐ വി വി മനോജ്, എസ് ഐ പി കെ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി.
വിരലടയാള വിഗദ്ധരും ക്ഷേത്രം സന്ദര്‍ശിച്ച് തെളിവെടുത്തു. കലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ ഉത്തിയൂര്‍ അയ്യപ്പസേവാ സംഘം പ്രതിഷേധിച്ചു. ഷിബു അധ്യക്ഷത വഹിച്ചു. സംഭവത്തില്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ പ്രതിഷേധിച്ചു. ടി ദിനേശന്‍, ടി എം രമേശന്‍, കെ വി ജയചന്ദ്രന്‍, അനുരാജ്, വി വിജയരാഘവന്‍ പ്രസംഗിച്ചു.