കല്‍പറ്റ നഗരസഭ മാസ്റ്റര്‍പ്ലാന്‍ അശാസ്ത്രീയം; പുതിയ പ്ലാന്‍ തയാറാക്കണമെന്ന്‌

Posted on: January 2, 2014 7:48 am | Last updated: January 2, 2014 at 7:48 am

കല്‍പറ്റ: നഗരസഭ മാസ്റ്റര്‍പ്ലാന്‍ അശാസ്ത്രീയമായതിനാല്‍ പുതിയ പ്ലാന്‍ തയാറാക്കണമെന്ന് സിപിഎം കല്‍പറ്റ സംയുക്ത ലോക്കല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കല്‍പറ്റ നഗരസഭ മാസ്റ്റര്‍പ്ലാന്‍ അശാസ്ത്രീയവും യാഥാര്‍ഥ്യ ബോധമില്ലാത്തതും ഭൂരിപക്ഷം ജനങ്ങള്‍ക്കും ജനദ്രോഹപരവുമായതിനാല്‍ മാസ്റ്റര്‍പ്ലാന്‍ പിന്‍വലിച്ച് ജനകീയപങ്കാളിത്തത്തോടെ പുതിയ മാഷര്‍പ്ലാന്‍ തയാറാക്കണം. 30 വര്‍ഷത്തെ വികസനം മുന്നില്‍കണ്ട് ദീര്‍ഘവീക്ഷണത്തോടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന നഗരസഭ ഭരണാധികാരികള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ച പ്ലാന്‍ തികച്ചും അപ്രായോഗികമാണ്. വന്‍കിട തോട്ടമുടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും വേണ്ടി സ്ഥാപിത താത്പര്യത്തോടെ തയാറാക്കിയിട്ടുള്ളതാണ്. 2001 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പ്ലാന്‍ തയാറാക്കിയിട്ടുള്ളത്.
12 വര്‍ഷം കൊണ്ട് കല്‍പറ്റയില്‍ ജനസംഖ്യ അടിസ്ഥാനത്തിലുള്ള വര്‍ധനവും നിരവധി വീടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും കണക്കിലെടുക്കാതെ ഗ്രാമസഭകളിലും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുമായും ചര്‍ച്ച ചെയ്യാതെ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അബദ്ധമാണ്. അതിനാല്‍ മാസ്റ്റര്‍ പ്ലാന്‍ പിന്‍വലിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണം. മാസ്റ്റര്‍ പ്ലാനിലെ 12 സോണുകളിലെയും ഭൂരിപക്ഷം ജനങ്ങള്‍ക്കും ദോഷകരമാണ്. കൊമേഴ്‌സ്യല്‍ സെന്റര്‍ ബിസിനസ് സോണില്‍ ജനങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ അനുവദനീയമല്ല എന്ന നിയമം പ്രാകൃതമാണ്. പാര്‍ക്കിനും ഓപണ്‍ സ്‌പേസ് സോണിലും ഹൗസിംഗ് കോളനി പോലുള്ള ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. വന്‍കിട എസ്റ്റേറ്റ് ഉടമകളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കിന്‍ഫ്ര പാര്‍ക്കിന് സമീപമുള്ള സ്ഥലം ഇന്‍ഡസ്ട്രിയല്‍ സോണായി പ്രഖ്യാപിച്ചത്. നിയമപരമായി പരിരക്ഷ ഉണ്ടായിരുന്ന എമിലി ഗ്രീന്‍ബെല്‍റ്റ് ഏരിയയെ ഒഴിവാക്കി ഹൈസെന്‍സിറ്റി സോണ്‍ ആക്കി മാറ്റിയത് അംഗീകരിക്കാനാവില്ല. കച്ചവടക്കാരും കൃഷിക്കാരും തൊഴിലാളികളും ഉള്‍പ്പെട്ട വലിയ വിഭാഗം ഉള്‍പ്പെടുന്ന നഗരസഭയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പിന്‍വലിക്കണം. ഇതിനെതിരെ മെമ്മോറാണ്ടം തയാറാക്കി മൂന്നിന് നഗരസഭക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.
കെ. സുഗതന്‍, ടി. സുരേഷ് ചന്ദ്രന്‍, പി.ആര്‍. നിര്‍മല, പി. ബാവ, പി.കെ. അബു, ഇ.എ. രാജേഷ്, സി.കെ. ശിവരാമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.