മാലിന്യം മണ്ണിട്ട് മൂടി

Posted on: January 2, 2014 7:44 am | Last updated: January 2, 2014 at 7:44 am

വേങ്ങര: വലിയോറ ചെള്ളിത്തൊടുവിലെ കുടിവെള്ള പദ്ധതിയുടെ കിണറിനരികെ ഗ്രാമ പഞ്ചായത്ത് തള്ളിയ മാലിന്യത്തിന് മീതെ മണ്ണിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്ത്. ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വലിയോറ പാടത്ത് കിണറിന് സമീപമുള്ള പറമ്പിലേക്ക് നിക്ഷേപിച്ചത്.
ഇത് കുടിവെള്ള പദ്ധതിയുടെ ശുദ്ധജല ലഭ്യതക്ക് ഭീഷണിയാകുന്നതായി ആരോപിച്ച് നാട്ടുകാര്‍ മാലിന്യ വാഹനം തടഞ്ഞിരുന്നു. പ്രസ്തുത മാലിന്യത്തിന് മീതെ ഇന്നലെ അധികൃതര്‍ തന്നെ മണ്ണിടുകയായിരുന്നു. ഭീഷണിയായ മാലിന്യങ്ങളില്ലെന്നും മാലിന്യം കത്തിച്ചതിന്റെ ചാരം മാത്രമാണെന്നുമായിരുന്നു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
എന്നാല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ അനധികൃതമായി നിക്ഷേപിച്ച മാലിന്യം എടുത്തു മാറ്റിയതായി കാണിച്ച് ഫോട്ടോ സഹിതം ഇന്നലെ ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി പത്രകുറിപ്പോടെ നല്‍കിയ അധികൃതരുടെ വാദം പൊളിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ കുടിവെള്ള പദ്ധതിക്ക് സമീപം നിക്ഷേപിച്ച മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇന്നലെ യോഗം ചേര്‍ന്നു.