കെ.ഡി യാദവിന് പത്മ പുരസ്‌കാരം നല്‍കാന്‍ വിമുഖത: മെഡല്‍ കടലിലെറിയുമെന്ന് മകന്‍

Posted on: January 2, 2014 12:21 am | Last updated: January 2, 2014 at 12:21 am

K-D-Jadhavന്യൂഡല്‍ഹി: കെ ഡി യാദവ് – ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡല്‍ ജേതാവ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിലായിരുന്നു യാദവ് രാഷ്ട്രത്തിന്റെ യശസ്സ് ഉയര്‍ത്തിയത്. പക്ഷേ, ഇന്നും ഈ കായിക പ്രതിഭയെ വേണ്ടവിധം ആദരിക്കാന്‍ രാഷ്ട്രത്തിന് സാധിച്ചിട്ടില്ല. അതേ സമയം 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി രണ്ടാമത്തെ വ്യക്തിഗത മെഡല്‍ നേടിയ ലിയാണ്ടര്‍ പെയ്‌സ് തൊട്ടിങ്ങോട്ടുള്ളവര്‍ക്കെല്ലാം പത്മപുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു.1984 ല്‍ അന്തരിച്ച കെ ഡി യാദവിന് മരണാനന്തര ബഹുമതിയായിട്ടു പോലെ പത്മ പുരസ്‌കാരം നല്‍കാന്‍ ഭരണകൂടം തയ്യാറല്ല. സാങ്കേതി പ്രശ്‌നങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. പത്മപുരസ്‌കാരം മരണാനന്തര ബഹുമതിയായി നല്‍കി വരാറില്ലെന്നാണ് അധികൃതരുടെ മറുപടി.
ഇനിയും ഈ അവഗണന സഹിച്ചു നില്‍ക്കാന്‍ കെ ഡി യാദവിന്റെ കുടുംബം തയ്യാറല്ല. രാഷ്ട്രത്തിന് ആവശ്യമില്ലാത്ത ഈ മെഡല്‍ ഞാന്‍ അറബിക്കടലിലെറിയും – മകന്‍ രഞ്ജിത്ത് മഹാരാഷ്ട്രയിലെ കരഡിലെ വസതിയിലിരുന്ന് രോഷം കൊള്ളുന്നു.
1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടി എന്റെ പിതാവ് രാജ്യാഭിമാനം ഉയര്‍ത്തി. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡല്‍ ജേതാവായി, പക്ഷേ അതെല്ലാം വിസ്മൃതിയിലാണ്ടിരിക്കുന്നു. മകന്‍ പറയുന്നു.
സാങ്കേതിക പ്രശ്‌നം പറയുന്നവര്‍ കായിക താരത്തിന് ഭാരതരത്‌ന നല്‍കാന്‍ വേണ്ടി നിയമത്തില്‍ മാറ്റം വരുത്തിയില്ലെ. അതു പോലെ, കെ ഡി യാദവിന് പത്മ ഭൂഷണ്‍ നല്‍കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനെന്തേ തയ്യാറാകാത്തത് – രഞ്ജിത് പ്രസക്തമായ ചോദ്യമുന്നയിക്കുന്നു.
ഏറെ ഓടി നടന്നിട്ടാണ് 2001 ല്‍ അര്‍ജുന അവാര്‍ഡ് നല്‍കിയത്. എനിക്കത്ഭുതമായിരുന്നു, വലിയൊരു നേട്ടം കൈവരിച്ച വ്യക്തി ജീവനോടെയിരിക്കുമ്പോള്‍ അര്‍ജുന നല്‍കി ആദരിക്കാഞ്ഞതില്‍. ആ നീതികേടിനെതിരെ വാശിപ്പുറത്ത് പോരാടിയതിന്റെ ഫലമാണ് മരണാനന്തര ബഹുമതിയായി അര്‍ജുന ലഭിച്ചത്. പിതാവ് മരിക്കുമ്പോള്‍ പത്ത് വയസായിരുന്നു രഞ്ജിതിന് പ്രായം. അന്ന് ഇതേക്കുറിച്ചൊന്നും അറിവില്ലായിരുന്നു. അല്ലെങ്കില്‍ മുമ്പേ താന്‍ രംഗത്തെത്തുമായിരുന്നു.
മറ്റ് ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്ക് പത്മ പുരസ്‌കാരം നല്‍കിയതിന് എതിരല്ല. അവര്‍ അതര്‍ഹിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു.