മുശര്‍റഫ് കോടതിയില്‍ ഹാജരായില്ല

Posted on: January 2, 2014 12:09 am | Last updated: January 2, 2014 at 12:16 am

Pervez Musharrafഇസ്‌ലാമാബാദ്: രാജ്യദ്രോഹ കേസില്‍ വിചാരണ നേരിടുന്ന പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുശര്‍റഫ് കോടതിയില്‍ ഹാജരായില്ല. ഇന്ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിപ്പിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോടതി ഇന്നത്തേക്ക് കൂടി ഹജാരാകാനുള്ള അവസരം നീട്ടിനല്‍കുകയായിരുന്നു. പത്ത് ദിവസത്തിനിടെ മൂന്ന് അംഗ ബഞ്ചിന് മുമ്പില്‍ ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടന നശിപ്പിക്കുകയും അസാധുവാക്കുകയും ചെയ്തതാണ് മുശര്‍റഫിനെതിരെ ആരോപിക്കുന്ന രാജ്യദ്രോഹ കുറ്റം.
സുപ്രീം കോടതി ജഡ്ജിമാരെ തടവിലാക്കിയതിനും അദ്ദേഹത്തിനെതിരെ കേസുണ്ട്. ആജീവനാന്ത ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. അതിനിടെ, മുശര്‍റഫിന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ കോടതിയില്‍ ഹാജാരാകില്ലെന്ന് മുശര്‍റഫിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മുശര്‍റഫിന്റെ വീട്ടില്‍ നിന്ന് കോടതിയിലേക്കുള്ള വഴിയില്‍ 1000 സുരക്ഷാ ഉദ്യാഗസ്ഥരെ വിന്യസിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് മേധാവി കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനവും മുശര്‍റഫിന് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ബോംബ് പ്രൂഫ് വാഹനം നല്‍കാന്‍ അത് ഇസ്‌ലാമാബാദ് പോലീസിന്റെ കൈവശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ മുശര്‍റഫിന്റെ വീട്ടില്‍ നിന്ന് കോടതിയിലേക്കുള്ള വഴിയില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുശര്‍റഫിന്റെ വീടിന്റെ സമീപത്ത് നിന്ന് ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നു.