ബ്രദര്‍ഹുഡ് നേതാക്കളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

Posted on: January 2, 2014 12:09 am | Last updated: January 2, 2014 at 12:14 am

കൈറോ: ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നിരോധിത സംഘടനയായും പിന്നീട് ഭീകര സംഘടനയായും പ്രഖ്യാപിച്ച ബ്രദര്‍ഹുഡിനെതിരെ ശക്തമായ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നു. ബ്രദര്‍ഹുഡ് നേതാക്കളുടെ സ്വത്തുകള്‍ കണ്ടുക്കെട്ടുന്നത് മുതല്‍ സംഘടനക്ക് വിദേശത്ത് നിന്നെത്തുന്ന സാമ്പത്തിക സഹായം തടയാനും ആഭ്യന്തര മന്ത്രാലയം ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബ്രദര്‍ഹുഡിന്റെയും അനുബന്ധ സംഘടനകളുടെയും അഞ്ഞൂറോളം നേതാക്കളുടെ സ്വത്തുകള്‍ പിടിച്ചെടുക്കാന്‍ ഇടക്കാല സര്‍ക്കാര്‍ അധികൃതര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെയും സ്വത്തുകള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ജുഡീഷ്യല്‍ വക്താക്കളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ദേശീയ നേതൃത്വം മുതല്‍ പ്രാദേശിക നേതൃത്വം വരെയുള്ള എല്ലാ നേതാക്കളുടെയും സകല സ്വത്തുക്കളും പിടിച്ചെടുക്കുമെന്ന് നീതിന്യായ മന്ത്രിയുടെ വക്താവ് അബ്ദുല്‍ അസ്സം അല്‍ അസ്ഹരി വ്യക്തമാക്കി. മുര്‍സിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയുമടക്കം 572 നേതാക്കളുടെ സ്വത്തുകള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് മുര്‍സി പുറത്തായതിന് ശേഷം കഴിഞ്ഞ ജൂലൈ മുതല്‍ വ്യാപക ആക്രമണങ്ങളാണ് ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങേറിയത്. മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ച ബ്രദര്‍ഹുഡ്, കഴിഞ്ഞയാഴ്ച കൈറോയിലെ പോലീസ് ആസ്ഥാനത്തിന് സമീപത്ത് ചാവേര്‍ ആക്രമണം നടത്തിയതോടെയാണ് ഇടക്കാല സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി ബ്രദര്‍ഹുഡിനെ പ്രഖ്യാപിച്ചത്. സര്‍ക്കാറിന്റെ തീരുമാനത്തിന് അറബ്‌ലീഗും അനുകൂല സമീപനമാണ് സ്വീകരിച്ചത്.
ഭീകര സംഘടനയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രദര്‍ഹുഡിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അറസ്റ്റും നടക്കുന്നുണ്ട്.