വിവാദങ്ങള്‍ക്ക് തിരികൊളുത്തി യാസുകുനിയില്‍ ജപ്പാന്‍ മന്ത്രി

Posted on: January 2, 2014 12:13 am | Last updated: January 2, 2014 at 12:13 am

ടോക്യോ: വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജപ്പാന്‍ കാബിനറ്റ് മന്ത്രി യോഷിദാകാ ഷിന്‍ഡോ യാസുകുനി യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചൈനയും കൊറിയയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേരത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ യാസുകുനി സ്മാരകം സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 2006ല്‍ ജൂനിച്ചിറോ കൊയ്‌സൂമിക്ക് ശേഷം സ്മാരകം സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാനീസ് ഭരണാധികാരിയാണ് ആബെ. പ്രധാനമന്ത്രിപദത്തിലെ ഒന്നാമൂഴത്തില്‍ അദ്ദേഹം യാസുകുനി സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും യുദ്ധക്കുറ്റവാളികളെ വധിച്ച ജപ്പാന്റെ നടപടിയെയും ആദരിക്കുന്നതിനായി പണികഴിപ്പിച്ച സ്മാരകത്തെ ജപ്പാന്റെ യുദ്ധവെറിയുടെ പ്രതീകമായാണ് ചൈനയും ഉത്തര കൊറിയയും വിശേഷിപ്പിക്കുന്നത്. ദ്വീപ് തര്‍ക്കമടക്കമുള്ള വിഷയങ്ങളില്‍ ചൈനയുമായി ഇടഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ ഷിന്‍സോ ആബെയുടെ നടപടി ചൈനയെ കൂടുതല്‍ പ്രകോപിപ്പിക്കും.