Connect with us

Business

ബേങ്കുകളുടെ കിട്ടാക്കടം ഉയരുമെന്ന് അസോചം

Published

|

Last Updated

ന്യൂഡല്‍ഹി: കിട്ടാക്കടം ഉള്‍പ്പെടെ ഇന്ത്യന്‍ ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അടുത്തവര്‍ഷം അവസാനത്തോടെ ഒന്നരലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നു വ്യവസായ വാണിജ്യ സംഘടനയായ അസോചം. വരുംനാളുകളില്‍ നിഷ്‌ക്രിയ ആസ്തിയുടെ തോത് ഉയരും. സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് ബേങ്കുകളുടെ ആസ്തിനിലവാരം ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. സാമ്പത്തിക ഉണര്‍വ് ദൃശ്യമാകുമ്പോള്‍ ആസ്തി നിലവാരവും ഉയരേണ്ടതാണ്. എന്നാല്‍ അത് ഉണ്ടായിട്ടില്ല.
റിസര്‍വ് ബേങ്ക് കഴിഞ്ഞദിവസം പുറത്തുവിട്ട ധനസ്ഥിരതാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആശങ്കാജനകമാണ്. പ്രത്യേകിച്ചും പൊതുമേഖലാ ബേങ്കുകളെ സംബന്ധിച്ചുള്ളത്. 40 ലിസ്റ്റഡ് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ സെപ്തംബര്‍ വരെ 2,29,007 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 1,79,891 കോടി രൂപയും. 27 ശതമാനം വര്‍ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. തെറ്റായ വായ്പാ നയം, ജീവനക്കാരുടെ തൊഴില്‍പരമായ കഴിവില്ലായ്മ, അശാസ്ത്രീയമായ തിരിച്ചടവ് സമയക്രമം, വായ്പയുടെ ദുരുപയോഗം, വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍, രാഷ്ട്രീയ ഇടപെടലുകള്‍, സര്‍ക്കാര്‍ നല്‍കുന്ന കടാശ്വാസങ്ങള്‍ തുടങ്ങിയവയാണു ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഉയരാനിടയാക്കുന്നത്.
സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതു മേഖലാ ബാങ്കുകള്‍ ഇക്കാര്യത്തില്‍ ശ്വാസം മുട്ടുകയാണ്. ഈ ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2.02 ശതമാനം ഉയര്‍ന്നു. വന്‍കിടക്കാരെടുത്ത വായ്പയാണ് ഏറെയും കുടിശികയായിരിക്കുന്നതെന്നു അസോചം റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest