മന്ത്രിയുടെ ചുമതല മാറ്റി; ആന്ധ്രാ കോണ്‍ഗ്രസില്‍ കലാപം

Posted on: January 2, 2014 12:02 am | Last updated: January 2, 2014 at 12:06 am

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്നുള്ള മന്ത്രിയുടെ സ്ഥാനമാറ്റത്തെ ചൊല്ലി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസില്‍ കലാപം. മേഖലയിലെ മന്ത്രിമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെലങ്കാന വിഷയത്തില്‍ സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ ശക്തമായ വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി മന്ത്രിയുടെ സ്ഥാനമാറ്റം.
ഡി ശ്രീധര്‍ ബാബുവില്‍ നിന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മാറ്റി വാണിജ്യ നികുതി വകുപ്പിന്റെ ചുമതലയാണ് നല്‍കിയത്. അതേസമയം, സീമാന്ധ്രയില്‍ നിന്നുള്ള എസ് സെയിലജന്തക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറമെ നിയമസഭാ വകുപ്പിന്റെ ചുമതല കൂടി നല്‍കി. 2004, 2009 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിപ്പായും ചീഫ് വിപ്പായും സേവനമനുഷ്ഠിച്ച ശ്രീധര്‍ ബാബു, മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകന്‍ കൂടിയാണ്.
എന്നാല്‍ ഭരണ സൗകര്യത്തിന് വേണ്ടി മാത്രമാണ് മന്ത്രിയുടെ വകുപ്പില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാണിജ്യ നികുതി വകുപ്പില്‍ നിന്ന് വരുന്ന നികുതിയുടെ അളവില്‍ വലിയ കുറവുണ്ടായത് പരിഹരിക്കാനാണ് ശ്രീധര്‍ ബാബുവിന് ഈ വകുപ്പിന്റെ ചുമതല നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന നികുതി വരുമാനത്തിന്റെ 26 ശതമാനം വാണിജ്യ നികുതിയില്‍ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 15, 9.5 എന്നീ നിലകളിലേക്ക് കുറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണ്. നടപടിയില്‍ പ്രതിഷേധിച്ച് കാബിനറ്റ് പദവി രാജിവെക്കാനൊരുങ്ങിയെങ്കിലും ശ്രീധര്‍ ബാബുവിനെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു.